മണിപ്പൂർ കലാപം: ബിജെപി എംഎൽഎക്ക് ഗുരുതര പരുക്ക്; ഷൂട്ട് അറ്റ് സൈറ്റ് ഓർഡറുമായി ഗവർണർ

manipur

മെയ്‌തേയി വിഭാഗത്തിന് പട്ടിക വർഗ പദവി നൽകിയതിനെ ചൊല്ലി ഉടലെടുത്ത കലാപം മണിപ്പൂരിൽ രൂക്ഷമാകുന്നു. സംഘർഷത്തിൽ ബിജെപി എംഎൽഎക്ക് പരുക്കേറ്റു. കലാപകാരികളുടെ ആക്രമണത്തിലാണ് വുംഗ്‌സാഗിൻ വൽത എംഎൽഎക്ക് ഗുരുതരമായി പരുക്കേറ്റത്. പോലീസ് ട്രെയിനിംഗ് ക്യാമ്പ് ആക്രമിച്ച കലാപകാരികൾ ആയുധങ്ങൾ കവർന്നത് വലിയ ആശങ്കക്കാണ് വഴി വെച്ചിരിക്കുന്നത്. 

കലാപകാരികളെ അടിച്ചമർത്താൻ ഷൂട്ട് അറ്റ് സൈറ്റിന് ഗവർണർ ഉത്തരവിട്ടു. സംഘർഷ സാഹചര്യം കണക്കിലെടുത്ത് മണിപ്പൂരിലേക്ക് കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും. നാഗാലാൻഡിൽ നിന്നടക്കമുള്ള സൈനികരെയാണ് മണിപ്പൂരിലേക്ക് അയക്കുക. കലാപത്തെ തുടർന്ന് ഒമ്പതിനായിരം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി

നിരവധി വീടുകളും ഷോപ്പുകളും വാഹനങ്ങളും ആരാധനാലയങ്ങളും അക്രമികൾ തകർത്തു. കലാപം രൂക്ഷമായതോടെ സംസ്ഥാനത്തേക്കുള്ള എല്ലാ ട്രെയിനുകളും റെയിൽവേ റദ്ദാക്കി. വ്യോമസേന വിമാനത്തിൽ ദ്രുത കർമ സേനയെയും മേഖലയിൽ എത്തിച്ചിട്ടുണ്ട്.
 

Share this story