മറാഠാ സംവരണം: ആവശ്യം അംഗീകരിച്ചതോടെ മനോജ് ജരാംഗെ-പാട്ടീൽ നിരാഹാര സമരം അവസാനിപ്പിച്ചു

MJ Mumbai
മുംബൈ: മറാഠാ സംവരണ പ്രക്ഷോഭ നേതാവ് മനോജ് ജരാംഗെ-പാട്ടീൽ ഉപവാസം അവസാനിപ്പിച്ചു. അദ്ദേഹത്തിന്റെ മിക്ക ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് തീരുമാനം. 
നവി മുംബൈയിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത റാലിയിൽ വെച്ചാണ് ജരാംഗെ പാട്ടീൽ ഇക്കാര്യം അറിയിച്ചത്.
മറാഠാ സമുദായത്തിന് ഒബിസി (മറ്റ് പിന്നാക്ക വിഭാഗങ്ങൾ) പദവി നൽകണമെന്നതായിരുന്നു ജരാംഗെ പാട്ടീലിന്റെ പ്രധാന ആവശ്യം. ഒബിസി വിഭാഗത്തിൽപ്പെടുന്ന 'കുൻബി' സമുദായത്തിൽ മറാഠകളെ ഉൾപ്പെടുത്തി സംവരണം നൽകാനാണ് സർക്കാർ ധാരണയായത്. 
ഇതിനായി ഒരു ഓർഡിനൻസിൻ്റെ കരട് സർക്കാർ പുറത്തിറക്കി. മറാഠ സമുദായത്തിലെ എല്ലാ അംഗങ്ങൾക്കും കുൻബി സർട്ടിഫിക്കറ്റ് നൽകുമെന്നും സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.
ഈ ഉറപ്പുകൾക്ക് പിന്നാലെയാണ് താൻ നിരാഹാര സമരം അവസാനിപ്പിക്കുന്നതായി ജരാംഗെ പാട്ടീൽ പ്രഖ്യാപിച്ചത്. സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ പൂർണ്ണമായി അംഗീകരിച്ചതായും, ഇനിയൊരു പ്രക്ഷോഭം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മറാഠാ സമുദായത്തിന് വിദ്യാഭ്യാസത്തിലും സർക്കാർ ജോലികളിലും സംവരണം ലഭിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് ജരാംഗെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വർഷങ്ങളായി മഹാരാഷ്ട്രയിൽ തുടരുന്ന മറാഠാ സംവരണ പ്രക്ഷോഭം പലപ്പോഴും അക്രമാസക്തമായി മാറിയിരുന്നു. ഒബിസി വിഭാഗത്തിൽപ്പെട്ട പല സംഘടനകളും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതും സ്ഥിതി സങ്കീർണ്ണമാക്കിയിരുന്നു. നിലവിലെ തീരുമാനത്തിലൂടെ സർക്കാർ താത്കാലികമായെങ്കിലും ഈ പ്രശ്നം പരിഹരിച്ചതായാണ് വിലയിരുത്തൽ.

Tags

Share this story