ഡൽഹിയിൽ രാജധാനി പാർക്ക് മെട്രോ സ്റ്റേഷന് സമീപം വൻ തീപിടിത്തം; 25 അഗ്നിരക്ഷാ സേനാ യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി

തീ

ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ രാജധാനി പാർക്ക് മെട്രോ സ്റ്റേഷന് സമീപമുള്ള തടി ഗോഡൗണിൽ വൻ തീപിടിത്തം. ഞായറാഴ്ച പുലർച്ചെ 3.24-ഓടെയാണ് ബഹുനില കെട്ടിടത്തിന്റെ ബേസ്മെന്റിൽ പ്രവർത്തിച്ചിരുന്ന അസം ടിംബർ മാർക്കറ്റിലെ ഗോഡൗണിൽ തീ പടർന്നുപിടിച്ചത്.

​വിവരമറിഞ്ഞയുടൻ ഡൽഹി ഫയർ സർവീസിന്റെ 25 അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഏകദേശം 2,000 ചതുരശ്ര വാരയോളം പടർന്നുപിടിച്ച വൻ തീ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാവിലെ 6.30-ഓടെയാണ് പൂർണ്ണമായി നിയന്ത്രണവിധേയമാക്കിയത്.

​തീപിടിത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് വലിയ ആശ്വാസമായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. 

Tags

Share this story