മിസോറാമിൽ ശക്തമായ മണ്ണടിച്ചിലിൽ രണ്ടു വീടുകൾ തകർന്നു; 14-കാരന് ദാരുണാന്ത്യം: 4 പേർക്ക് പരിക്ക്

മിസോറാം

ഐസ്വാൾ: മിസോറാമിലെ കോലാസിബ് ജില്ലയിലുണ്ടായ ശക്തമായ മണ്ണടിച്ചിലിൽ രണ്ടു വീടുകൾ പൂർണ്ണമായി തകർന്ന് 14 വയസ്സുകാരന് ദാരുണാന്ത്യം. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

​മിസോറാം-അസം അതിർത്തിക്കടുത്തുള്ള വൈറെങ്തെ (Vairengte) ടൗണിൽ ശനിയാഴ്ച പുലർച്ചെ 4:30-ഓടെയാണ് ദുരന്തമുണ്ടായത്. കനത്ത മഴയെത്തുടർന്ന് ഉണ്ടായ മണ്ണടിച്ചിലിൽ തടിയിൽ നിർമ്മിച്ച ഇരുനില വീടടക്കം തകരുകയായിരുന്നു. ജോഡിംഗ്ളിയാന (Zodingliana - 14) എന്ന കുട്ടിയാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തത്.

​തകർന്ന വീടുകളിൽ മൂന്ന് കുടുംബങ്ങളിലായി 17 പേർ താമസിച്ചിരുന്നതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ രണ്ടുപേരെ അസമിലെ സിൽച്ചാറിലുള്ള ആശുപത്രിയിലേക്കും, മറ്റു രണ്ടുപേരെ വൈറെങ്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കും മാറ്റി. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. 

Tags

Share this story