ഹരിയാന തെരഞ്ഞെടുപ്പിൽ വൻ അട്ടിമറി നടന്നു; ഒരു സ്ത്രീ 223 വോട്ടുകൾ വരെ ചെയ്തു, രേഖകൾ പുറത്ത് വിട്ട് രാഹുൽ ഗാന്ധി
ഹരിയാനയിൽ കോൺഗ്രസിനെ തോൽപ്പിക്കാൻ ഗൂഡാലോചന നടന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്ന് പറഞ്ഞു കൊണ്ടാണ് രാഹുൽ ഗാന്ധി വാർത്താ സമ്മേളനം തുടങ്ങിയത്. ഹരിയാനയിൽ മാധ്യമങ്ങളുടെ പ്രവചനം പോലും അട്ടിമറിച്ച ഫലമാണുണ്ടായത്. എല്ലാ എക്‌സിറ്റ് പോളുകളും കോൺഗ്രസിന് അനുകൂലമായിരുന്നു. പോസ്റ്റൽ വോട്ടുകളിൽ കോൺഗ്രസിന് മുൻതൂക്കമുണ്ടായിരുന്നു. എന്നാൽ തന്നെ ഞെട്ടിച്ച തട്ടിപ്പാണ് നടന്നത്
പോസ്റ്റൽ വോട്ടും പോളിംഗും സാധാരണ പോലെയായിരുന്നു. എന്നാൽ ഹരിയാനയിൽ വ്യത്യസ്തമായിരുന്നു. ഫലം പലതവണ പരിശോധിച്ചു. അതിന്റെ കാര്യമാണ് ഇവിടെ പറയുന്നത്. യുവാക്കളുടെ ഭാവി കവരുന്നതാണ് ഇത്. രാജ്യത്തെ ജെൻ സി ഇത് തിരിച്ചറിയണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഒരു യുവതി 22 തവണ 10 ബൂത്തുകളിലായി വോട്ട് ചെയ്തു. സീമ, സ്വീറ്റി, സരസ്വതി എന്ന പേരുകളിലാണ് വോട്ട് ചെയ്തത്
രേഖകൾ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്. ഇത് കേന്ദ്രീകൃതമായി നടന്ന ഓപറേഷനാണ്. എട്ട് സീറ്റുകളിൽ 22 മുതൽ നാലായിരം വരെ വോട്ടുകളുടെ വ്യത്യാസത്തിലാണ് പോയത്. 25 ലക്ഷം കള്ള വോട്ടുകൾ നടന്നു. 5 ലക്ഷത്തിലധികം ഡ്യൂപ്ലിക്കേറ്റ് വോട്ടുകളുണ്ടായിരുന്നു. 93,174 തെറ്റായ വിലാസങ്ങളും 19 ലക്ഷത്തിലധികം ബൾക്ക് വോട്ടുകളുമായിരുന്നു. എട്ടിൽ ഒന്ന് വോട്ടുകൾ ഹരിയാനയിൽ വ്യാജമാണ്
ഒരു സ്ത്രീ 100 തവണ വോട്ട് ചെയ്തു. ബ്രസീലിയൻ മോഡലിന്റെ പേരിലും കള്ളവോട്ട് നടന്നു. ഒരു സ്ത്രീ 223 തവണ വോട്ട് ചെയ്തു. ഒരേ ഫോട്ടോ ഉപയോഗിച്ചായിരുന്നു വോട്ട് ചെയ്തത്. ഇത് കണ്ടെത്താതിരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സിസിടിവി ഫൂട്ടേജ് പുറത്തുവിടാത്തത്. 1,24,177 വോട്ട് ഫേക്ക് ഫോട്ടോ ഉപയോഗിച്ച് നടത്തി. ബിജെപിയെ സഹായിക്കാൻ കമ്മീഷൻ നടത്തിയത് വലിയ തട്ടിപ്പാണെന്നും രാഹുൽ പറഞ്ഞു.
