ഡൽഹിയിൽ വൻ ദുരന്തം: ഫാക്ടറിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികൾ മരിച്ചു
ന്യൂഡൽഹി: ഔട്ടർ ഡൽഹിയിലെ മുംഡ്ക വ്യവസായ മേഖലയിലുള്ള ഫാക്ടറിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികൾ ദാരുണമായി മരണപ്പെട്ടു. സുൽത്താൻപുരി സ്വദേശികളായ അരുൺ (38), സന്ദീപ് (32), ചാന്ദ് (42) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. ഫാക്ടറിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനായി ഒരാൾ ആദ്യം ടാങ്കിലേക്ക് ഇറങ്ങുകയായിരുന്നു. എന്നാൽ ടാങ്കിനുള്ളിലെ കടുത്ത വിഷവാതകം ശ്വസിച്ച് ഇയാൾ അബോധാവസ്ഥയിലായി. സുഹൃത്തിനെ രക്ഷിക്കാനായി പുറകെ ഇറങ്ങിയ മറ്റ് രണ്ടുപേരും വിഷവാതകം ശ്വസിച്ച് ടാങ്കിനുള്ളിൽ കുടുങ്ങുകയായിരുന്നു.
വിവരമറിഞ്ഞ് ഡൽഹി ഫയർ സർവീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി അതിവേഗം രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കയറുകളുടെ സഹായത്തോടെ മൂവരെയും പുറത്തെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അന്വേഷണം ആരംഭിച്ചു: ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങുമ്പോൾ തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ നൽകിയിരുന്നോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ഫാക്ടറി അധികൃതരെയും മറ്റ് ജീവനക്കാരെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു.
