കേന്ദ്രത്തിന്റെ ഡാറ്റാ സ്വകാര്യതാ നിയമത്തിനെതിരെ മാധ്യമങ്ങൾ സുപ്രീംകോടതിയിൽ; നോട്ടീസയച്ച് കോടതി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ നിയമത്തിനെതിരെ (ഡിപിഡിപി ആക്ട്) രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളുടെ കൂട്ടായ്മ സുപ്രീംകോടതിയെ സമീപിച്ചു. എൻഡിടിവി, സിഎൻഎൻ-ന്യൂസ്18 തുടങ്ങി 21 പ്രമുഖ വാർത്താ സ്ഥാപനങ്ങൾ ഉൾപ്പെടുന്ന ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ (DNPA) ആണ് പുതിയ നിയമത്തിലെ വ്യവസ്ഥകളെ ചോദ്യം ചെയ്ത് ഹർജി നൽകിയത്.
ഈ നിയമം രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തെയും അന്വേഷണാത്മക പത്രപ്രവർത്തനത്തെയും സാരമായി ബാധിക്കുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. വാർത്താ ശേഖരണത്തിനും പ്രസിദ്ധീകരണത്തിനും വ്യക്തികളുടെ മുൻകൂർ അനുമതി തേടേണ്ടി വരുന്നത് മാധ്യമപ്രവർത്തനത്തെ തടസ്സപ്പെടുത്തുമെന്നും സ്രോതസ്സുകളുടെ രഹസ്യത നഷ്ടപ്പെടാൻ ഇടയാക്കുമെന്നും മാധ്യമ സ്ഥാപനങ്ങൾ വാദിച്ചു.
ഹർജി പരിഗണിച്ച സുപ്രീംകോടതി, കേന്ദ്ര സർക്കാരിനും ഐടി മന്ത്രാലയത്തിനും നോട്ടീസ് അയച്ചു. എന്നാൽ നിയമം ഉടനടി സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം തള്ളിയ കോടതി, സർക്കാരിന്റെ വശം കൂടി കേട്ട ശേഷമേ സ്റ്റേ കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന് വ്യക്തമാക്കി.
