ലഹരി ഉപയോഗിച്ച മന്ത്രി പുറത്തേക്ക്; പോക്സോ കേസിൽപെട്ട വിശ്വനാഥനും രാജിവച്ചേക്കും: വിജയ് മന്ത്രിസഭയിൽ പുനഃസംഘടന

CM വിജയ്

ചെന്നൈ∙ മന്ത്രിമാരുടെ വകുപ്പുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പുനഃസംഘടനയ്ക്ക് ഒരുങ്ങി വിജയ് സർക്കാർ. വിവാദത്തിൽപെട്ട മന്ത്രിമാരെ ഒഴിവാക്കുകയും പ്രകടനം മോശമായ മന്ത്രിമാരുടെ വകുപ്പുകൾ മാറ്റുകയുമാണു ചെയ്യുന്നത്. അണ്ണാഡിഎംകെയിൽ നിന്നു രാജിവച്ച സി.വിജയഭാസ്കറും എം.ആർ.വിജയഭാസ്കറും മന്ത്രിസഭയിലേക്കു എത്താനും സാധ്യതയുണ്ട്. ഇന്ന് തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിനു ശേഷമായിരിക്കും തീരുമാനമെന്നാണു സൂചന. ഇതിനായി മുഖ്യമന്ത്രി സി.ജോസഫ് വിജയിന്റെ നേതൃത്വത്തിൽ യോഗം ചേർന്നെന്നാണു വിവരം.

ലഹരി ഉപയോഗിച്ചെന്ന പേരിൽ വിഡിയോ പ്രചരിച്ചു വിവാദത്തിലായ മാനവ വിഭവശേഷി മന്ത്രി ഡി.ശരത്കുമാർ, ടിവികെ നേതാവിനെ ഭീഷണിപ്പെടുത്തിയതിൽ വിവാദത്തിലായ സാമൂഹിക ക്ഷേമ മന്ത്രി കെ.ജഗദീശ്വരി, വകുപ്പിലെ വിവിധ ഇടപെടലുകളിലൂടെ വിവാദത്തിലായ ഗതാഗത മന്ത്രി വിജയ് തമിഴൻ പാർഥിപൻ, കരാർ ക്രമക്കേട് ആരോപണം നേരിടുന്ന ഖനന മന്ത്രി ടി.കെ.പ്രഭു എന്നിവരാണു പുറത്താകൽ നിരയിലുള്ളത്.

പോക്സോ ആരോപണത്തിൽപെട്ട കോൺഗ്രസിന്റെ മന്ത്രി പി.വിശ്വനാഥനും പുറത്തായേക്കും. പ്രവീൺ ചക്രവർത്തിക്ക് രാജ്യസഭ സീറ്റ് നൽകിയതിനാൽ കോൺഗ്രസിൽ നിന്നു ഒരു മന്ത്രിസ്ഥാനം തിരിച്ചെടുക്കാനും ചർച്ച നടക്കുന്നതായി നേതാക്കൾ പറയുന്നു. ടിവികെ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരായ എസ്.കമാലി, എസ്.കീർത്തന എന്നിവരുടെ വകുപ്പുകൾ മാറ്റാനും നീക്കമുണ്ട്. കീർത്തന വ്യവസായവും കമാലി മൃഗസംരക്ഷണവുമാണു കൈകാര്യം ചെയ്യുന്നത്.

കോൺഗ്രസിന്റെ നിയമസഭ കക്ഷി നേതാവ് എസ്.രാജേഷ് കുമാറിനെ ടൂറിസത്തിൽ നിന്നു മാറ്റി പ്രാധാന്യമുള്ള വകുപ്പിലേക്കും പരിഗണിക്കുന്നുണ്ട്. ഉപതിരഞ്ഞെടുപ്പുകളിൽ വിജയം ഉറപ്പാക്കാൻ മന്ത്രിസ്ഥാനം വേണമെന്നാണ് അണ്ണാഡിഎംകെയിൽ നിന്നു രാജിവച്ച എംഎൽഎമാരുടെ ആവശ്യം. മുഖ്യമന്ത്രി വിജയിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. 

Tags

Share this story