ഒമാൻ തീരത്ത് കപ്പലിന് നേരെ ഉണ്ടായ ആക്രമണം: കാണാതായ ഇന്ത്യൻ നാവികൻ മരിച്ചതായി സ്ഥിരീകരിച്ച് കുടുംബം

ഹോർമൂസ്

ന്യൂഡൽഹി: ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ കാണാതായ ഇന്ത്യൻ നാവികൻ മരണപ്പെട്ടതായി കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചു. ഒമാൻ തീരത്തുണ്ടായ ആക്രമണത്തിന് ശേഷം കാണാതായ ഇന്ത്യൻ പൗരനാണ് മരിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വ്യക്തമാക്കിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

​'ജിഎഫ്എസ് ഗാലക്‌സി' (GFS Galaxy) എന്ന സൈപ്രസ് പതാകയുള്ള കണ്ടെയ്‌നർ കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണ സമയത്ത് ഈ കപ്പലിൽ ആകെ 11 ഇന്ത്യൻ ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 10 പേരെ മുൻപ് തന്നെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ച വിവരം പുറത്തുവരുന്നത്. കപ്പൽ കമ്പനി അധികൃതർ മരണവിവരം തങ്ങളെ അറിയിച്ചതായി നാവികന്റെ കുടുംബാംഗങ്ങൾ അറിയിച്ചു.

​മധ്യപൂർവേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ മേഖലയിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ തുടരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഹോർമുസ് കടലിടുക്കിൽ വെച്ച് മറ്റ് രണ്ട് വാണിജ്യ കപ്പലുകൾക്ക് നേരെയും ആക്രമണം ഉണ്ടാവുകയും ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

​മേഖലയിലെ ആക്രമണങ്ങളിൽ ശക്തമായ ആശങ്ക രേഖപ്പെടുത്തിയ ഇന്ത്യ, ഇറാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ഗൾഫ് മേഖലയിലുള്ള ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 'സീഫെറർ ഫസ്റ്റ്' (Seafarer-First) അടിയന്തര സംവിധാനവും കേന്ദ്ര സർക്കാർ സജ്ജമാക്കിയിട്ടുണ്ട്. 

Tags

Share this story