എംകെ സ്റ്റാലിൻ ദളപതിയാണ്, ഇനി ദളപതിയുടെ വഴിയിലാണ് യാത്ര: ഡിഎംകെയിൽ ചേർന്നതിന് പിന്നാലെ പനീർശെൽവം

paneerselvam

ഡിഎംകെയിൽ ചേർന്ന ശേഷം എം.കെ സ്റ്റാലിനെ വാനോളം പുകഴ്ത്തി തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവം. എം കെ സ്റ്റാലിൻ ദളപതി ആണെന്നും, ദളപതിയുടെ വഴിയിലാണ് ഇനി യാത്രയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം എം കെ സ്റ്റാലിനെ നേരിൽ കണ്ടതോടെ ഒപിഎസ് ഡിഎംകെയിൽ ചേരുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. മന്ത്രി ശേഖർ ബാബുവിനൊപ്പം ഡിഎംകെ ആസ്ഥാനത്ത് എത്തിയാണ് പനീർശെൽവം പാർട്ടി അംഗത്വമെടുത്തത്

തന്റെ ഈ തീരുമാനം ഒരുപാട് ആലോചിച്ച് എടുത്തതാണെന്ന് പനീർശെൽവം അംഗത്വം സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.അണ്ണാ ഡിഎംകെയ്ക്ക് ഇനി ഭാവിയില്ല. ഡിഎംകെയെ എതിർക്കാൻ തമിഴ്‌നാട്ടിൽ ഇന്നൊരു പാർട്ടിയില്ല. അഞ്ചുവർഷത്തെ ഭരണത്തിലൂടെ മുഖ്യമന്ത്രി കൈവരിച്ച നേട്ടങ്ങൾ ജനങ്ങളുടെ മനസ്സുകളിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ തേനിയിലെ ബോഡിനായ്ക്കന്നൂർ നിയോജകമണ്ഡലത്തിൽനിന്ന് ഒ.പനീർശെൽവം ഡിഎംകെ സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് വിവരം. ഒപിഎസ് പാർട്ടിയുടെ ഭാഗമായതോടെ തമിഴ്നാടിന്റെ തെക്കൻമേഖലയിൽ തങ്ങളുടെ കരുത്ത് വർധിപ്പിക്കാനാകുമെന്നാണ് ഡിഎംകെയുടെ കണക്കുക്കൂട്ടൽ.

Tags

Share this story