മൊബൈൽ ഫോൺ വില കുത്തനെ കുറഞ്ഞേക്കും; ജിഎസ്ടി നിരക്ക് വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ നീക്കം
ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ ഫോണുകളുടെ വില ഉടൻ കുത്തനെ കുറഞ്ഞേക്കും. ഫോണുകൾക്ക് ചുമത്തുന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്ന പശ്ചാത്തലത്തിലാണിത്. സെപ്റ്റംബർ 12-ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേരുന്ന 57-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഇത് സംബന്ധിച്ച് നിർണായക തീരുമാനമുണ്ടായേക്കും.
നിലവിൽ 18 ശതമാനമാണ് മൊബൈൽ ഫോണുകൾക്ക് ഈടാക്കുന്ന ജിഎസ്ടി. ഇത് 5 ശതമാനമായി കുറയ്ക്കാനാണ് നിർദ്ദേശം. പ്രധാനമായും 25,000 രൂപ വരെയുള്ള ഫോണുകൾക്കായിരിക്കും ഈ നികുതിയിളവ് ബാധകമാകുക.
മെമ്മറി ചിപ്പുകളുടെ വിലയിലുണ്ടായ വർധനവ് കാരണം കഴിഞ്ഞ മാസങ്ങളിൽ സ്മാർട്ട്‌ഫോൺ കമ്പനികൾ ഫോണുകളുടെ വില 500 രൂപ മുതൽ 12,000 രൂപ വരെ ഉയർത്തിയിരുന്നു. ഇതേത്തുടർന്ന് വിപണിയിൽ മൊബൈൽ വിൽപനയിൽ വൻ ഇടിവ് നേരിട്ടു. ഈ പ്രതിസന്ധി പരിഹരിക്കാനും സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ഫോണുകൾ ലഭ്യമാക്കാനുമാണ് ജിഎസ്ടി നിരക്ക് കുറയ്ക്കാൻ സർക്കാർ ഒരുങ്ങുന്നത്.
ഡിജിറ്റൽ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനും രാജ്യത്തെ പ്രാദേശിക മൊബൈൽ നിർമ്മാണം ശക്തമാക്കുന്നതിനും ഈ നീക്കം വലിയ തുണയാകുമെന്നാണ് വിലയിരുത്തൽ. ജിഎസ്ടി കൗൺസിലിന്റെ അംഗീകാരം ലഭിച്ചാൽ വരും ദിവസങ്ങളിൽ സ്മാർട്ട്‌ഫോൺ വിപണിയിൽ വലിയ വിലക്കുറവ് പ്രതിഫലിക്കും.
