മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി മോദി കാണുന്നില്ല; നഷ്ടപ്പെട്ടതെല്ലാം കോൺഗ്രസ് തിരിച്ചുപിടിക്കും: രാഹുൽ ഗാന്ധി

Jodo Yathra

ഇംഫാൽ: മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കാണുന്നില്ലെന്നും, അദ്ദേഹം ഇതുവരെ മണിപ്പൂരിൽ എത്താത്തത് അപമാനകരമാണെന്നും രാഹുൽ ഗാന്ധി. "ഭരണ സംവിധാനമാകെ തകർന്ന നാടായി മണിപ്പൂർ മാറി. ആർഎസ്എസും ബിജെപിയും നാടിന്റെ മുക്കിലും മൂലയിലും വരെ വിദ്വേഷം പരത്തി. മണിപ്പൂരിന് നഷ്ടപ്പെട്ട മൂല്ല്യങ്ങളെല്ലാം കോൺഗ്രസ് തിരിച്ചുപിടിക്കും," രാഹുൽ പറഞ്ഞു.

തൌബാലിൽ ഭാരത് ജോഡോ ന്യായ് യാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാഹുലിന് ദേശീയ പതാക കൈമാറി യാത്രയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. നീതിക്കായുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

മണിപ്പൂർ ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടം നടന്ന മണ്ണാണ്. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ആയിരങ്ങളെ കണ്ടു. ഇത്രയും വലിയ യാത്ര ഇതിന് മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല. സമൂഹത്തിന്‍റെ നാനാ തുറയിൽപ്പെട്ടവരുമായി അദ്ദേഹം സംവദിച്ചു. രാഹുൽ ഗാന്ധി ഭരണഘടനയെ സംരക്ഷിക്കാനാണ് പോരാടുന്നത്. പോരാട്ടം നീണ്ടതാണ്. നീതിക്കായുള്ള പോരാട്ടമാണ് നടക്കുന്നത്. മോദിയുടെത് ഏകാധിപത്യ മനോഭാവമാണ്," ഖാർഗെ കൂട്ടിച്ചേർത്തു.

മണിപ്പൂരില്‍ ഒറ്റ ദിവസമാണ് യാത്ര. അസം, നാഗാലാന്‍ഡ്, ബംഗാള്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിങ്ങനെ 15 സംസ്ഥാനങ്ങളിലൂടെ കടന്ന് പോകും. ബസിലും കാല്‍നടയുമായി നീങ്ങുന്ന യാത്ര 6,713 കിലോമീറ്റര്‍ സഞ്ചരിക്കും. 110 ജില്ലകളിലൂടെ യാത്ര കടന്നുപോകും.

15 സംസ്ഥാനങ്ങളില്‍ യാത്ര പര്യടനം നടത്തും. മാര്‍ച്ച് 20ന് മുംബൈയിലാണ് യാത്രയുടെ സമാപനം.

Share this story