മോദിയുടെ വിദ്വേഷ പ്രസംഗം; നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ, ബിജെപിക്ക് നോട്ടീസ്

രാജ്യത്തിന്റെ സമ്പത്ത് കോൺഗ്രസുകാർ മുസ്ലീങ്ങൾക്ക് നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. കോൺഗ്രസ് അയച്ച പെരുമാറ്റ ചട്ടലംഘന പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജെപി അധ്യക്ഷനോട് വിശദീകരണം തേടിയത്. 

29ന് രാവിലെ 11 മണിക്കുള്ളിൽ പാർട്ടി അധ്യക്ഷൻ മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. ബിജെപിയുടെ പരാതിയിൽ രാഹുൽ ഗാന്ധിക്കെതിരെയും നോട്ടീസ് അയച്ചു. കേരളത്തിൽ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് നടപടി

മോദിയുടെ വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങളും ഉള്ളടക്കം എഴുതി നൽകാനും തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആദ്യ പരിഗണന നൽകുക മുസ്ലീങ്ങൾക്കായിരിക്കുമെന്നും കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണവും സ്ത്രീകളുടെ കെട്ടുതാലി പോലും കൂടുതൽ കുട്ടികളുണ്ടാകുന്ന, നുഴഞ്ഞുകയറ്റക്കാർക്ക് പോകുമെന്നായിരുന്നു മോദിയുടെ പരാമർശം
 

Share this story