ഡൽഹി വിമാനത്താവളത്തിൽ റദ്ദാക്കിയത് നൂറിലധികം സർവീസുകൾ; യാത്രക്കാർ കുടുങ്ങി
Mar 2, 2026, 11:48 IST
ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലുണ്ടായ പ്രതിസന്ധിയെ തുടർന്ന് ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച റദ്ദാക്കിയത് നൂറിലധികം രാജ്യാന്തര വിമാന സർവീസുകൾ. തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ തടസ്സപ്പെട്ടതോടെ യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി
വൈകുന്നേരം വരെ പുറപ്പെടുന്ന 62 എണ്ണവും എത്തുന്ന 42 എണ്ണവുമടക്കം നൂറിലധികം വിമാനങ്ങൾ റദ്ദാക്കിയതായി എയർപോർട്ട് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിലെ വ്യാപകമായ തടസ്സങ്ങൾ കാരണം ആഭ്യന്തര റൂട്ടുകളിലെയും നിരവധി വിമാനങ്ങൾ വൈകി
ഏകദേശം 1520 വിമാന സർവീസുകളാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ദിവസവും കൈകാര്യം ചെയ്യുന്നത്. ഏറ്റവും പുതിയ വിവരങ്ങൾക്കായി എയർലൈനുകളുമായി ബന്ധപ്പെടാൻ ഡിയാൽ യാത്രക്കാരോട് നിർദേശിച്ചു
