യുപിയിൽ കുടിയൊഴിപ്പിക്കലിനിടെ അമ്മയും മകളും പൊള്ളലേറ്റ് മരിച്ചു; പോലീസ് തീയിട്ടതെന്ന് ആരോപണം

kanpur

ഉത്തർപ്രദേശിൽ കുടിയൊഴിപ്പിക്കൽ നടപടിക്കിടെ തീപൊള്ളലേറ്റ് അമ്മയും മകളും മരിച്ചു. കാൺപൂർ മദൗലി സ്വദേശിയായ പ്രമീള, മകൾ സ്‌നേഹ എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ പ്രമീളയുടെ ഭർത്താവ് ഗെന്ധർ ലാൽ, സ്റ്റേഷൻ ഓഫീസർ ദിനേശ് ഗൗതം എന്നിവർക്ക് പരുക്കേറ്റു. അമ്മയും മകളും വീടിനകത്ത് കയറി മണ്ണെണ്ണ ഒഴിച്ച് തീവെക്കുകയായിരുവെന്നാണ് പൊലീസിന്റെ വാദം. എന്നാൽ വാദം പൊളിക്കുന്ന തരത്തിലായിരുന്നു പ്രദേശവാസികളുടെ പ്രതികരണം.

ഇവർ പ്രദേശത്ത് സർക്കാർ ഭൂമി കയ്യേറി താമസിക്കുന്നതാണെന്നാണ് പൊലീസ് വിശദീകരണം. തുടർന്ന് പൊലീസ് സംരക്ഷണത്തിൽ ജില്ലാ ഭരണകൂടവും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കുടിയൊഴിപ്പിക്കുന്നതിനിടെയാണ് അപകടം. ബുൾഡോസറുമായാണ് ഉദ്യോഗസ്ഥർ രാവിലെ ഗ്രാമത്തിലെത്തിയത്. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് തങ്ങൾക്ക് മുൻകൂർ അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു.

സംഭവത്തിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, പോലീസ് ഉദ്യോഗസ്ഥർ, ബുൾഡോസർ ഓപറേറ്റർ തുടങ്ങി 13 പേർക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തു. ആളുകൾ അകത്തുള്ളപ്പോൾ തന്നെ ഒഴിപ്പിക്കാനെത്തിയ സംഘം കുടിലുകൾക്ക് തീയിട്ടു. ഞങ്ങൽ ഓടി രക്ഷപ്പെട്ടതാണ്. അവർ ഞങ്ങലുടെ ക്ഷേത്രവും തകർത്തുവെന്ന് പ്രദേശവാസികൾ പറയുന്നു. 

Share this story