മകന്‍റെ അസുഖം മാറാൻ മകളെ ബലി നൽകി ‌പെറ്റമ്മ; അമ്മയും മന്ത്രവാദിനിയും ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

Case

ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ സ്വന്തം മകളെ ബലി നൽകിയ കേസിൽ അമ്മയും മന്ത്രവാദിയും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കുസും‌ബ ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. പെൺകുട്ടിയുടെ അമ്മ രശ്മി ദേവി(35), മന്ത്രവാദിനി ശാന്തി ദേവി(55), നാട്ടുകാരനായ ഭീം റാം(40) എന്നിവരാണ് പിടിയിലായത്. പ്രതിയായ രശ്മി ദേവിയുടെ ഇളയ മകൻ ശാരീരികമായും മാനസികവുമായ അസുഖം നേരിടുന്ന കുട്ടിയായിരുന്നു.

കുട്ടിയുടെ അസുഖം മാറാൻ ഗ്രാമത്തിലെ മന്ത്രവാദിനിയായ ശാന്തി ദേവിയെ പതിവായി സന്ദർശിച്ചിരുന്നു. മകന്‍റെ രോഗം മാറണമെങ്കിൽ കന്യകയെ ബലി നൽകണമെന്ന് മന്ത്രവാദിനി ഉപദേശിച്ചിരുന്നു. ഇതാണ് കൊലയിലേക്ക് നയിച്ചത്. ഗ്രാമത്തിൽ രാമനവമി ആഘോഷം നടക്കുന്ന സമയത്താണ് ഇവർ പെൺകുട്ടിയെ കൊലപ്പെടുത്താൻ തെരഞ്ഞെടുത്തത്. ജനങ്ങൾ ആഘോഷത്തിലായതിനാൽ‌ ഇക്കാര്യം പുറത്ത് വന്നില്ല.

മന്ത്രവാദിനിയുടെ വീട്ടിൽ വെച്ച് പെൺകുട്ടിയുടെ അമ്മയും ഭീം റാമും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ക്രൂരമായ ആചാരങ്ങളുടെ ഭാഗമായി പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മരത്തടി ഉപയോഗിച്ച് പരുക്കേൽപ്പിച്ചതായും പൊലീസ് വെളിപ്പെടുത്തി. കൊലയ്ക്ക് ശേഷം കുട്ടിയെ സമീപത്തെ തോട്ടത്തിൽ കുഴിച്ചിട്ടു.തുടക്കത്തിൽ മകളെ ആരോ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. മാർച്ച് 25ന് മൃതദേഹം പാടത്ത് നിന്ന് കണ്ടെടുത്തതോടെ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പ്രതികൾ പ്രചരിപ്പിച്ചു. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പീഡനം നടന്നിട്ടില്ലെന്ന് തെളിഞ്ഞതോടെ ചോദ്യം ചെയ്യൽ ശക്തമാക്കിയതോടെയാണ് സംഭവം പുറത്തായത്.

അറസ്റ്റിലായ ഭീം റാം സഹോദരന്‍റെ ഭാര്യയെയും മറ്റൊരുയാളെയും കൊലപ്പെടുത്തിയ കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സംഭവം വാർത്തയായതോടെ ജാർഖണ്ഡ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

Tags

Share this story