ഭീകരവിരുദ്ധ കേസുകളിൽ വിചാരണ വേഗത്തിലാക്കാൻ നീക്കം; മൂന്ന് പുതിയ എൻഐഎ പ്രത്യേക കോടതികൾ സ്ഥാപിച്ചു

NIA

ന്യൂഡൽഹി: ഭീകരവിരുദ്ധ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, ബിഹാർ സംസ്ഥാനങ്ങളിൽ മൂന്ന് പുതിയ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതികൾ സ്ഥാപിച്ചു. കേന്ദ്ര സർക്കാർ ബന്ധപ്പെട്ട ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരുമായി കൂടിയാലോചിച്ചാണ് പുതിയ കോടതികൾക്ക് അംഗീകാരം നൽകിയത്.

2008ലെ ദേശീയ അന്വേഷണ ഏജൻസി നിയമത്തിലെ 11-ാം വകുപ്പ് പ്രകാരമുള്ള അധികാരം വിനിയോഗിച്ചാണ് രാജസ്ഥാൻ, പട്‌ന, ആന്ധ്രപ്രദേശ് ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസുമാരുമായി ആലോചിച്ച് യഥാക്രമം ജയ്പൂർ, പട്‌ന, വിശാഖപട്ടണം എന്നിവിടങ്ങളിലെ പ്രത്യേക കോടതികളെ എൻഐഎ പ്രത്യേക കോടതികളായി പ്രഖ്യാപിച്ചത്.

ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുന്ന നിയമത്തിൽ ഉൾപ്പെട്ട കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കായി മാത്രമായിരിക്കും ഈ കോടതികൾ പ്രവർത്തിക്കുക. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) ഉൾപ്പെടെയുള്ള കേസുകളിൽ സംസ്ഥാനതല അധികാരപരിധിയിലായിരിക്കും കോടതികൾ പ്രവർത്തിക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഭീകരവിരുദ്ധ നിയമപ്രകാരമുള്ള കേസുകൾ വേഗത്തിൽ വിചാരണ ചെയ്യുന്നതിനായി ഓരോ സംസ്ഥാനത്തും കേന്ദ്രഭരണ പ്രദേശത്തും ഓരോ പ്രത്യേക എൻഐഎ കോടതി വീതം സ്ഥാപിക്കുമെന്ന് കേന്ദ്ര സർക്കാർ 2025 ഡിസംബർ 16ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇത്തരം കേസുകൾ പത്തിൽ കൂടുതലുള്ള സ്ഥലങ്ങളിൽ ഒന്നിലധികം കോടതികൾ സ്ഥാപിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

ഫെബ്രുവരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയിൽ സമർപ്പിച്ച വിശദമായ റിപ്പോർട്ടിലും ഇതുസംബന്ധിച്ച നിർദേശം അറിയിച്ചിരുന്നു. ദേശീയ അന്വേഷണ ഏജൻസി അന്വേഷിച്ച പത്തോ അതിലധികമോ കേസുകൾ വിചാരണ കാത്തിരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രത്യേക കോടതികൾ സ്ഥാപിക്കാനാണ് നിർദേശിച്ചതെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഓരോ പ്രത്യേക കോടതിക്കും അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെയുള്ള ചെലവുകൾക്കായി ഒറ്റത്തവണ ഒരു കോടി രൂപ കേന്ദ്രം അനുവദിക്കും. കൂടാതെ പ്രതിവർഷം മറ്റു ചെലവുകൾക്കായി ഒരു കോടി രൂപയും നൽകും. അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം, ഐടി ഉപകരണങ്ങൾ, വാഹനങ്ങൾ, ജീവനക്കാരുടെ ശമ്പളം തുടങ്ങിയവയ്ക്കാണ് ഈ തുക വിനിയോഗിക്കുക.

Tags

Share this story