ബെംഗളൂരുവിൽ ദാരുണ കൊലപാതകം; സിക്കിം സ്വദേശിനിയായ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി

Dead

ബെംഗളൂരു: യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ 22-കാരിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. സിക്കിം സ്വദേശിനിയായ അതി ഹാങ്മ സുബ്ബ (22) ആണ് ബെംഗളൂരുവിൽ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ കാമുകനും ഡാർജിലിങ് സ്വദേശിയുമായ പുർബ ലെപ്ചയെ പോലീസ് കസ്റ്റഡിയിലെടുത്തു.

​ബെംഗളൂരുവിലെ ഒരു സലൂണിൽ റിസപ്ഷനിസ്റ്റായി ജോലി നോക്കുകയായിരുന്നു അതി ഹാങ്മ സുബ്ബ. പ്രതിയായ പുർബ ലെപ്ച നഗരത്തിലെ ഒരു ഹോട്ടലിൽ വെയ്റ്ററായി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ഒരു മാസമായി ഇരുവരും ദൊഡ്ഡക്കണ്ണഹള്ളിയിലെ താമസസ്ഥലത്ത് ഒപ്പമായിരുന്നു താമസം.

​യുവതിക്ക് മറ്റൊരാളുമായി അടുത്ത ബന്ധമുണ്ടെന്ന് പുർബ ലെപ്ച സംശയിച്ചിരുന്നതായി പോലീസ് പറയുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരന്തരം വഴക്കിട്ടിരുന്നു. സംഭവദിവസവും ഇതേ വിഷയത്തെച്ചൊല്ലി ഉണ്ടായ രൂക്ഷമായ വാക്കുതർക്കമാണ് കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചത്. പ്രതി യുവതിയുടെ കഴുത്തറുത്താണ് കൊലപാതകം നടത്തിയത്.

​ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. സംഭവസ്ഥലത്തെത്തിയ പോലീസ് പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Tags

Share this story