കല്യാണം മുടക്കാൻ നോക്കുന്നതിനേക്കാൾ എളുപ്പം കൊലപാതകം; സിയയുടെ മൊഴിയിൽ ഞെട്ടി പൊലീസ്: മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നു

Pune

പുണെ: മഹാരാഷ്ട്രയിലെ പുനെയെ നടുക്കിയ കേതൻ അഗർവാൾ വധക്കേസിൽ മുഖ്യപ്രതിയായ പ്രതിശ്രുത വധു സിയ ഗോയലിന്റെ ഞെട്ടിക്കുന്ന കുറ്റസമ്മത മൊഴി പുറത്ത്. വീട്ടുകാരെ എതിർത്ത് പ്രതിശ്രുത വരനുമായുള്ള വിവാഹം വേണ്ടെന്ന് വയ്ക്കുന്നതിനേക്കാൾ തനിക്ക് എളുപ്പമായി തോന്നിയത് അയാളെ കൊലപ്പെടുത്തുന്നതായിരുന്നു എന്ന് സിയ പൊലീസിനോട് സമ്മതിച്ചു. യുവതിയുടെ ഈ വിചിത്രമായ വാദത്തിൽ പുനെ റൂറൽ പൊലീസ് വൃത്തങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്.

​വരുന്ന നവംബറിലായിരുന്നു കേതനും സിയയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ സ്വന്തം ഇഷ്ടപ്രകാരം വിവാഹം വേണ്ടെന്നുവെച്ചാൽ കുടുംബത്തിന്റെ അന്തസ്സിനും വികാരങ്ങൾക്കും മുറിവേൽക്കുമെന്ന് ഭയന്നാണ്, വരാനിരിക്കുന്ന ഭർത്താവിനെത്തന്നെ ഇല്ലാതാക്കാൻ താൻ തീരുമാനിച്ചതെന്നാണ് സിയ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

​കഴിഞ്ഞ ജൂൺ 18-നാണ് പ്രമുഖ വ്യവസായിയുടെ മകനായ കേതൻ അഗർവാൾ ലോഹഗഡ് കോട്ടയിലെ മലമുകളിൽ നിന്ന് വീണ് മരിച്ചത്. ആദ്യഘട്ടത്തിൽ ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി വീണതാണെന്നാണ് കരുതിയതെങ്കിലും, സിയയും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് ആസൂത്രണം ചെയ്ത് കേതനെ തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

​കേസന്വേഷണത്തിനായി പുനെ, ലോണാവാല പൊലീസിന്റെ സംയുക്ത നേതൃത്വത്തിൽ ആറ് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. നിലവിൽ സിയയുടെ മാതാപിതാക്കളെ ലോണാവാല സിറ്റി പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. സിയയുടെ സഹോദരൻ സാഹിൽ ഗോയലിനെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ, സഹോദരിയുടെ കാമുകനായ ചേതനെ തനിക്ക് അറിയാമായിരുന്നുവെന്ന് സഹോദരൻ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള സിയയും കാമുകൻ ചേതനും നിലവിൽ കുറ്റം പരസ്പരം പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നതായും പൊലീസ് സൂചിപ്പിച്ചു.

Tags

Share this story