മുസ്‌ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രി
ഗുവാഹത്തി: അസമിൽ മുസ്‌ലിം കുടുംബത്തിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് പൊളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് ആഘോഷിച്ച മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ വ്യാപക പ്രതിഷേധം. ലഖിംപൂരിൽ നടന്ന വീടുപൊളിക്കലിന്റെ വീഡിയോയാണ് മുഖ്യമന്ത്രി ഞായറാഴ്ച രാത്രി പങ്കുവെച്ചത്. ദീപാവലിക്ക് തൊട്ടുമുമ്പ് നടത്തിയ 'വീടിന്റെ ശുചീകരണം' എന്ന പരിഹാസരൂപത്തിലുള്ള അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.
ബുൾഡോസർ ഉപയോഗിച്ച് വീട് തകർക്കുമ്പോൾ നിസ്സഹായനായി നിൽക്കുന്ന മുസ്‌ലിം യുവാവിന്റെ ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പശ്ചാത്തലത്തിൽ ആഘോഷ സംഗീതവും ഉൾപ്പെടുത്തിയിട്ടുണ്ട്.
Just before Diwali, we undertook this Ghar ki Safai in Lakhimpur. pic.twitter.com/OWstETr0cU
— Himanta Biswa Sarma (@himantabiswa) November 8, 2026
മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഒരു കുടുംബത്തിന് വീട് നഷ്ടപ്പെടുന്ന സാഹചര്യം ആഘോഷിക്കുന്ന തരത്തിലാണ് വീഡിയോ അവതരിപ്പിച്ചിരിക്കുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. പോസ്റ്റ് മുസ്ലിം വിരുദ്ധ മനോഭാവം പ്രകടിപ്പിക്കുന്നതാണെന്നും വിമർശനമുയർന്നു.
സമൂഹമാധ്യമങ്ങളിലെ പരാമർശങ്ങളുടെയും മുസ്ലിം വിഭാഗത്തെ ലക്ഷ്യമിട്ടുള്ള നയങ്ങളുടെയും പേരിൽ ഹിമന്ത ബിശ്വ ശർമ നേരത്തെയും വിമർശനം നേരിട്ടിട്ടുണ്ട്. സംസ്ഥാനത്തെ മുസ്‌ലിം വിഭാഗത്തെ ബാധിക്കുന്ന നയങ്ങളും നടപടികളും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
