മുസ്ലിം വിവാഹ, വിവാഹമോചന നിയമം റദ്ദാക്കും; അസം ഏക സിവിൽ കോഡിലേക്ക്

അസമിൽ മുസ്ലിം വിവാഹ-വിവാഹമോചന നിയമം റദ്ദാക്കുന്നു. മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഏക സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് തീരുമാനം. 

1935ലെ മുസ്ലിം വിവാഹ, വിവാഹമോചന നിയമമാണ് റദ്ദാക്കാൻ തീരുമാനിച്ചിരിക്കുന്നത്. മുസ്ലിം പെൺകുട്ടികൾക്ക് 18 വയസ് ആകുന്നതിന് മുൻപ് വിവാഹം രജിസ്റ്റർ ചെയ്യാൻ നൽകിയിരുന്ന വ്യവസ്ഥ അടക്കം റദ്ദാക്കും. മുസ്ലിം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവാഹപ്രായം യഥാക്രമം 18 ഉം 21 ആകും.

സംസ്ഥാന നിയമസഭ സമ്മേളനത്തിൽ ഇതു സംബന്ധിച്ച ബിൽ അവതരിപ്പിക്കും. മുസ്ലിം വിവാഹങ്ങളും വിവാഹമോചനങ്ങളും രജിസ്റ്റർ ചെയ്യുന്നതിനുള്ള അധികാരം ജില്ലാ കമ്മീഷണറും ജില്ലാ രജിസ്ട്രാറും ഏറ്റെടുക്കുമെന്നും മന്ത്രി ജയന്ത മല്ല വ്യക്തമാക്കി. 

അസം മുസ്ലിം വിവാഹ & വിവാഹമോചന രജിസ്ട്രേഷൻ നിയമം 1935ന് കീഴിൽ പ്രവർത്തിക്കുന്ന 94 മുസ്ലിം രജിസ്ട്രാർമാരെ ഓരോ വ്യക്തിക്കും ഒറ്റത്തവണ നഷ്ടപരിഹാരമായി 2 ലക്ഷം രൂപ നൽകി ചുമതലകളിൽ നിന്ന് നീക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

Share this story