മുസ്ലീം ക്ഷേമം ഉറപ്പാക്കി, ഹജ്ജ് ക്വാട്ട വർധിപ്പിച്ചു: മുസ്ലീം ക്ഷേമ പദ്ധതികൾ എടുത്തുപറഞ്ഞ് മോദി

PM Modi

മുസ്ലിം ക്ഷേമപദ്ധതികൾ എടുത്തു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അലിഗഢിലെ റാലിയിലാണ് മുസ്ലിം ക്ഷേമം ഉറപ്പാക്കിയെന്ന് നരേന്ദ്ര മോദി പ്രസംഗിച്ചത്. മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിനായി മുൻ സർക്കാരുകൾ ഒന്നും ചെയ്തില്ലെന്ന് മോദി വിമർശിച്ചു. രാജസ്ഥാൻ പ്രസംഗം വിവാദമായതിന് പിന്നാലെയാണ് മുസ്ലിം ക്ഷേമ പദ്ധതികൾ വിശദീകരിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്

തീർഥാടനത്തിനുളള ഹജ്ജ് ക്വാട്ട വർധിപ്പിച്ചു. മുസ്ലീം സഹോദരിമാർക്ക് തനിച്ച് ഹജ്ജിന് പോകാനുള്ള അവസരമൊരുക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സ്വത്ത് മുസ്ലിംകൾക്ക് വീതിച്ചുനൽകുമെന്നും കടന്നുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നുമായിരുന്നു മോദിയുടെ രാജസ്ഥാനിലെ പ്രസംഗം.

പെരുമാറ്റച്ചട്ടം ലംഘിച്ച മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കടുത്ത നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസും തൃണമൂൽ കോൺഗ്രസും സിപിഎമ്മും രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലിം ക്ഷേമ പദ്ധതികൾ ചൂണ്ടിക്കാട്ടി മോദി എത്തിയത്. 

Share this story