നാല് മാസത്തിനിടെ 22 പേർക്ക് തൂക്കുകയർ വിധിച്ച് മുസാഫർ നഗർ ജഡ്ജി; 100 കേസുകൾ മാറ്റി
ന്യൂഡൽഹി: നാലു മാസത്തിനിടെ 22 പേർക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കോടതിയിൽ നിന്ന് 100 കൊലപാതക കേസുകൾ മറ്റു കോടതിയിലേക്ക് മാറ്റി. ഉത്തർപ്രദേശിലെ മുസാഫർ നഗർ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി രവി കുമാർ ദിവാകറിന്‍റെ കോടതിയിൽ നിന്നാണ് കേസുകൾ മാറ്റിയത്. ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി വീരേന്ദ്ര കുമാർ സിങ്ങാണ് കേസുകൾ സ്വന്തം കോടതിയിലേക്ക് മാറ്റിയത്. വിചാരണ നടത്തിയ കേസുകളിലെല്ലാം കുറ്റവാളികൾ എന്നു കണ്ടെത്തുന്നവർക്ക് പരമാവധി ശിക്ഷയാണ് രവി കുമാർ ദിവാകർ വിധിച്ചത്. വധശിക്ഷയ്ക്കു പുറമേ നിരവധി പേർക്ക് ജീവപര്യന്തവും വിധിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ അഭിഭാഷകരും ഹർജിക്കാരും ഒരു പോലെ ആശങ്കയിലായിരുന്നു.
2022ൽ വാരാണസിയിലെ ജ്ഞാൻവാപി കോംപ്ലക്സിൽ വിഡിയോഗ്രഫി സർവേ നടത്തുവാനായി ഉത്തരവിട്ടതിലൂടെ രവി കുമാർ മുൻപേ വിവാദങ്ങളിൽ ഇടം പിടിച്ചിരുന്നു.
12 വർഷം പഴക്കമുള്ള കൊലക്കേസിലെ നാല് പ്രതികൾക്കാണ് ഓഗസ്റ്റ് 13ന് രവികുമാർ വധശിക്ഷ വിധിച്ചത്. 27 വർഷം മുൻപ് ഒരു വ്യവസായിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ വിചാരണയ്ക്കൊടുവിൽ ഓഗസ്റ്റ് 12ന് മറ്റൊരാൾക്കും വധശിക്ഷ വിധിച്ചു.
2011ൽ ഒരു കർഷകനെ കൊന്ന കേസിൽ നാലു പ്രതികൾക്കും കൊലക്കേസിൽ ഉൾപ്പെട്ട മുൻ ഗ്രാമമുഖ്യനും വീട്ടു കാവൽക്കാരനെ കൊന്ന കേസിലെ പ്രതികൾക്കും രാജേന്ദ്ര സൈനിയുടെ കൊലക്കേസിൽ രണ്ടു പേർക്കും വധശിക്ഷ വിധിച്ചു. 2019ൽ കൊലപാതകം നടത്തിയ ഒരു സ്ത്രീയ്ക്കും അവരുടെ മക്കൾക്കും അഭിഭാഷകനെ കൊന്ന കേസിലെ മൂന്നു പ്രതികൾക്കും വധശിക്ഷ ലഭിച്ചിട്ടുണ്ട്.
