ഭർത്താവിന് 40, എനിക്ക് 19, ഒന്നും ശരിയാവുന്നില്ല; മധ്യപ്രദേശിൽ കാമുകനൊപ്പം പോകാൻ യുവതിക്ക് കോടതിയുടെ അനുമതി

ഗ്വാളിയാർ കോടതി

ഭർത്താവുമായുള്ള വലിയ പ്രായവ്യത്യാസം ജീവിതത്തെ ബാധിക്കുന്നുവെന്നും തനിക്ക് ഇഷ്ടമുള്ള ആൾക്കൊപ്പം ജീവിക്കാൻ അനുവദിക്കണമെന്നുമുള്ള 19-കാരിയുടെ ആവശ്യം മധ്യപ്രദേശ് ഹൈക്കോടതി അംഗീകരിച്ചു. 40 വയസ്സുള്ള ഭർത്താവിനൊപ്പമോ മാതാപിതാക്കൾക്കൊപ്പമോ പോകാൻ താല്പര്യമില്ലെന്നും തനിക്ക് പ്രായപൂർത്തിയായതിനാൽ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ അനുവാദം വേണമെന്നും യുവതി കോടതിയിൽ വ്യക്തമാക്കി.

​ഭർത്താവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഗ്വാളിയോർ ബെഞ്ച് ഈ വിധി പ്രസ്താവിച്ചത്. 21 വയസ്സിന്റെ പ്രായവ്യത്യാസം തങ്ങൾക്കിടയിലുണ്ടെന്നും ഒത്തുപോകാൻ സാധിക്കുന്നില്ലെന്നും യുവതി കോടതിയെ അറിയിച്ചു. യുവതിയെ പലതവണ കൗൺസിലിംഗിന് വിധേയയാക്കിയെങ്കിലും തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു.

​ആരുടെ കൂടെ ജീവിക്കണം എന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് നിരീക്ഷിച്ച ജസ്റ്റിസ് ആനന്ദ് പതക്, ജസ്റ്റിസ് പുഷ്പേന്ദ്ര യാദവ് എന്നിവരടങ്ങുന്ന ബെഞ്ച് യുവതിയെ കാമുകനൊപ്പം പോകാൻ അനുവദിച്ചു. എങ്കിലും, അടുത്ത ആറുമാസത്തേക്ക് ഒരു കോടതി ഉദ്യോഗസ്ഥയുടെ നിരീക്ഷണം യുവതിയുടെ കാര്യത്തിൽ ഉണ്ടാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Tags

Share this story