നരേന്ദ്ര ദബോൽക്കർ വധക്കേസ്: രണ്ട് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ; മൂന്ന് പേരെ വെറുതെവിട്ടു

dabolkar

നരേന്ദ്ര ദബോൽക്കർ വധക്കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ. മൂന്ന് പേരെ വെറുതെവിട്ടു. പൂനെ സെഷൻസ് കോടതിയുടേതാണ് വിധി. സച്ചിൻ ആന്തുറെ, ശരത് കലാസ്‌കർ എന്നിവർക്ക് ജീവപര്യന്തം ശിക്ഷ, അഞ്ച് ലക്ഷം രൂപ പിഴയും പ്രതികൾ ഒടുക്കണം. 

2013ലാണ് പ്രഭാത നടത്തത്തിനിടെ യുക്തിവാദി നേതാവായ നരേന്ദ്ര ദാബോൽക്കറെ പ്രതികൾ വധിക്കുന്നത്. ഇഎൻടി സർജൻ ഡോ. വീരേന്ദ്ര താവഡെ, മുംബൈയിലെ അഭിഭാഷകൻ സഞ്ജീവ് പുനലേക്കർ, സഹായി വിക്രം ഭാവെ എന്നീ പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. 

യുക്തിവാദിയും അന്ധവിശ്വാസ വിരുദ്ധ സമരസേനാനിയും മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി സ്ഥാപകനുമായിരുന്നു ഡോ.ദബോൽക്കർ. 67ാം വയസിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. 2013 ആഗസ്റ്റ് 20ന് രാവിലെ പൂനെ വിആർ ഷിൻഡെ പാലത്തിൽ വെച്ച് ബൈക്കിലെത്തിയ രണ്ട് പേർ ഇദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു. സനാതൻ സൻസ്ത എന്ന തീവ്ര സംഘടനയുമായി ബന്ധമുള്ളവരാണ് പ്രതികളെല്ലാവരും.
 

Share this story