ഭരണനേട്ടങ്ങളും ജനപിന്തുണയും വിവരിച്ച് ജനങ്ങൾക്ക് തുറന്ന കത്തുമായി നരേന്ദ്രമോദി

modi

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തുറന്ന കത്ത്. പ്രിയപ്പെട്ട കുടുംബാംഗങ്ങളെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. ഭരണനേട്ടങ്ങളെക്കുറിച്ചും സർക്കാരിന് ജനങ്ങൾ നൽകിയ പിന്തുണയെക്കുറിച്ചുമാണ് കത്തിൽ വിവരിക്കുന്നത്.

ജനങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റമാണ് കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും വലിയ നേട്ടം. പാവപ്പെട്ടവന്റെയും കർഷകരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ഗുണമേന്മ ലക്ഷ്യം വെച്ചുള്ള പ്രവർത്തനമാണ് ജനങ്ങളുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തിന് കാരണമെന്നും കത്തിൽ മോദി പറയുന്നു

പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ വീട്, വൈദ്യുതി, വെള്ളം, എൽപിജി, ആയുഷ്മാൻ ഭാരതിലൂടെ സൗജന്യ ചികിത്സകൾ, കർഷകർക്ക് സാമ്പത്തിക സഹായം, മാതൃ വന്ദന യോജനയിലൂടെ വനിതകൾക്ക് സഹായം എന്നിവ സാധ്യമായതു നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസം കൊണ്ടു മാത്രമാണ്. നിങ്ങളുടെ വിശ്വാസവും പിന്തുണയും ഉള്ളതിനാലാണു ജിഎസ്ടി നടപ്പാക്കൽ, ആർട്ടിക്കിൾ 370 എടുത്തുകളയൽ, മുത്തലാഖിൽ പുതിയ നിയമം, തീവ്രവാദത്തിനും ഇടത് തീവ്ര ബോധത്തിനും എതിരെ കരുത്തുറ്റ ചുവടുകൾ, നാരീ ശക്തി വന്ദൻ നിയമം, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം തുടങ്ങിയ പ്രധാന തീരുമാനങ്ങൾ എടുക്കാൻ സാധിച്ചത് എന്നും കത്തിൽ മോദി പറയുന്നു. 

Share this story