നശാ മുക്ത് ഭാരത് അഭിയാൻ ഒരു ജനകീയ മുന്നേറ്റമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദി

ന്യൂഡൽഹി: രാജ്യം ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച 'നശാ മുക്ത് ഭാരത് അഭിയാൻ' (ലഹരിമുക്ത ഭാരത യജ്ഞം) ഇന്ന് രാജ്യത്ത് ഒരു വലിയ ജനകീയ മുന്നേറ്റമായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഹരിമുക്ത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ ജനങ്ങളുടെ സജീവ പങ്കാളിത്തത്തെ അദ്ദേഹം ഏറെ പ്രശംസിച്ചു.

​ലഹരിമുക്ത ഇന്ത്യ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ സഹമന്ത്രി ബി.എൽ. വർമ്മ എഴുതിയ ലേഖനം പങ്കുവെച്ചുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.

​ലഹരിമുക്തവും വികസിതവുമായ ഒരു നവഭാരതം കെട്ടിപ്പടുക്കുക എന്ന വലിയ ദൗത്യത്തിൽ പങ്കാളികളാകാൻ രാജ്യത്തെ ഓരോ പൗരനോടും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പൊതുജനങ്ങളുടെയും യുവാക്കളുടെയും സ്ത്രീകളുടെയും കൂട്ടായ ശ്രമങ്ങളിലൂടെ മാത്രമേ ഈ വലിയ സാമൂഹിക വിപത്തിനെ പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​2020 ഓഗസ്റ്റ് 15-നാണ് രാജ്യത്തുടനീളം ലഹരി വിരുദ്ധ ബോധവൽക്കരണം ലക്ഷ്യമിട്ട് 'നശാ മുക്ത് ഭാരത് അഭിയാൻ' ആരംഭിച്ചത്. നിലവിൽ കോടിക്കണക്കിന് ആളുകളാണ് ഈ ക്യാമ്പയിന്റെ ഭാഗമായി സത്യപ്രതിജ്ഞ ചൊല്ലിയും ബോധവൽക്കരണ പരിപാടികളിൽ പങ്കെടുത്തും മുന്നോട്ട് വന്നിട്ടുള്ളത്. 

Tags

Share this story