പൗരത്വ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം; കനത്ത ജാഗ്രത, അസമിൽ ഹർത്താൽ തുടങ്ങി

പൗരത്വ ഭേദഗതി ചട്ടങ്ങൾ നടപ്പായതോടെ സുപ്രീം കോടതി ഇടപെടൽ എന്താകുമെന്ന് നോക്കി രാജ്യം. നിയമഭേദഗതിയെ ചോദ്യം ചെയ്ത് കോടതിയുടെ പരിഗണനയിലുള്ളത് ഇരുന്നൂറിലേറെ ഹർജികളാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൗരത്വ നിയമഭേദഗതിക്കെതിരെ ഇന്നലെ വൈകിട്ട് മുതൽ ആരംഭിച്ച പ്രതിഷേധങ്ങൾ തുടരുകയാണ്. 

ഡൽഹി അടക്കമുള്ള വിവിധ സംസ്ഥാനങ്ങൾ കനത്ത ജാഗ്രതയിലാണ്. വടക്കുകിഴക്കൻ ഡൽഹി അടക്കം മൂന്ന് ജില്ലകളിൽ പോലീസ് ജാഗ്രതാ നിർദേശം പുറത്തിറക്കി. പ്രതിഷേധങ്ങൾക്ക് സാധ്യതയുള്ള ഷഹീൻബാഗ് അടക്കമുള്ള മേഖലകളിൽ കേന്ദ്രസേനയും പോലീസും ഇന്ന് ഫ്‌ളാഗ് മാർച്ച് നടത്തും. 

യുപിയിൽ ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാൻ ഡിജിപി നിർദേശം നൽകി. പലയിടങ്ങളിലും കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. അസമിൽ യുനൈറ്റഡ് അസം ഫോറം ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. പലയിടത്തും സിഎഎ പകർപ്പ് കത്തിച്ചു. യുപി നോയ്ഡയിൽ പോലീസ് ഫ്‌ളാഗ് ഓഫ് മാർച്ച് നടത്തി. കേരളത്തിൽ വിവിധ കേന്ദ്രങ്ങളിൽ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലും ശക്തമായ പ്രതിഷേധങ്ങൾ നടന്നു.
 

Share this story