നീറ്റ് വിവാദം; ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളെ സമരത്തിലേക്ക് ക്ഷണിച്ച് കോക്രോച്ച് ജനതാ പാർട്ടി: കേന്ദ്ര സർക്കാരിൽ നിന്ന് മറുപടി വേണമെന്ന് ആവശ്യം

CJP

ന്യൂഡൽഹി: സിബിഎസ്ഇ-നീറ്റ് (CBSE-NEET) പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിൽ നിന്ന് മറുപടിയും ഉത്തരവാദിത്തവും ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിൽ പങ്കാളികളാകാൻ ബിജെപി ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളെയും ക്ഷണിച്ച് 'കോക്രോച്ച് ജനതാ പാർട്ടി' (CJP). പരീക്ഷാ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് ഡൽഹിയിലെ ജന്തർ മന്ദിറിൽ പ്രതിഷേധം നടക്കുന്നത്.

​പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ആരംഭിച്ച നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് പാർട്ടികളുടെ പിന്തുണ തേടിയത്. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളായ എം.എ. ബേബി, ബൃന്ദ കാരാട്ട് (സിപിഐഎം), ഡി. രാജ (സിപിഐ) എന്നിവർ തിങ്കളാഴ്ച ജന്തർ മന്ദിറിലെത്തി സോനം വാങ്ചുകിനും സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.

​വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഭാവിയെ ബാധിക്കുന്ന ഈ വിഷയത്തിൽ രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് എല്ലാവരും ഒന്നിക്കണമെന്ന് സോനം വാങ്ചുകും അഭിജീത് ദിപ്കെയും വാർത്താസമ്മേളനത്തിൽ അഭ്യർത്ഥിച്ചു. ഇത് പ്രതിപക്ഷത്തിന്റെ മാത്രം രാഷ്ട്രീയ വേദിയല്ലെന്നും ബിജെപിയിലുള്ളവർക്കും ഇതിൽ പങ്കുചേരാമെന്നും വാങ്ചുക് വ്യക്തമാക്കി. പാർട്ടികളുടെ കൊടികൾ ഒഴിവാക്കി, ദേശീയ പതാകയേന്തി ആർക്കും ഈ സമരത്തിൽ പങ്കാളികളാകാമെന്ന് അഭിജീത് ദിപ്കെയും കൂട്ടിച്ചേർത്തു. ഐസ (AISA) ഉൾപ്പെടെയുള്ള വിവിധ വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികളും നിലവിൽ സമരത്തിന്റെ ഭാഗമായി നിരാഹാരത്തിലാണ്.

Tags

Share this story