നീറ്റ് പരീക്ഷാ ക്രമക്കേട്; എന്‍ടിഎ ആസ്ഥാനം നേരിട്ടെത്തി പരിശോധിക്കാന്‍ സുപ്രിംകോടതി

surpme court

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് എന്‍ടിഎ ആസ്ഥാനം സന്ദര്‍ശിക്കാന്‍ തീരുമാനിച്ച് സുപ്രിംകോടതി. സംവിധാനം നേരിട്ട് പരിശോധിക്കുമെന്നും നവീകരിച്ച കേന്ദ്രം സന്ദര്‍ശിക്കാന്‍ താനും ജസ്റ്റിസ് അലോക് ആരാധെയും ആഗ്രഹിക്കുന്നുവെന്ന് ജസ്റ്റിസ് നരസിംഹ പറഞ്ഞു.

പരീക്ഷാ നടത്തിപ്പിനായി താത്കാലിക ക്രമീകരണങ്ങള്‍ക്ക് പകരം ഒരു 'സ്ഥിരം സംവിധാനം' ഉണ്ടായിരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

ജീവനക്കാരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കുന്നതിന് പകരം സ്ഥിരം ജീവനക്കാരെയും സ്ഥിരം വിഭാഗങ്ങളെയും നിയമിക്കണം. പരീക്ഷാ പരിഷ്‌കാരത്തെ കുറിച്ച് നന്ദന്‍ നിലേകണി സമിതിയോട് കോടതി റിപ്പോര്‍ട്ട് തേടുകയും ചെയ്തു.

ആവശ്യമായ ജീവനക്കാരുടെ കാര്യത്തില്‍ നിലവില്‍ ഭാഗികമായ ക്രമീകരണങ്ങളേ ആയിട്ടുള്ളൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ മാസം അവസാനത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കേന്ദ്രം ഉറപ്പുനല്‍കി.

ന്യൂഡല്‍ഹിയിലെ മിന്റോ റോഡില്‍ പുതുതായി സജ്ജമാക്കിയ 55,521 ചതുരശ്ര അടി വിസ്തീര്‍ണമുള്ള എന്‍ടിഎ ആസ്ഥാനമാണ് സുപ്രിംകോടതി ജസ്റ്റിസുമാര്‍ സന്ദര്‍ശിക്കുക. ഇവിടെ സജ്ജീകരിച്ചിരിക്കുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍, ജീവനക്കാരുടെ എണ്ണം, സിഐഎസ്എഫ് സുരക്ഷ തുടങ്ങിയ സംവിധാനങ്ങള്‍ കോടതി നേരിട്ട് വിലയിരുത്തും.

Tags

Share this story