​നീറ്റ് പരീക്ഷ ഒഴിവാക്കണം; വിദ്യാഭ്യാസം സംസ്ഥാന പട്ടികയിലേക്ക് മാറ്റണം: സി. ജോസഫ് വിജയ്

TN

ചെന്നൈ: തമിഴ്‌നാട്ടിൽ നീറ്റ് (NEET) പരീക്ഷ ഒഴിവാക്കണമെന്നും വിദ്യാഭ്യാസം വീണ്ടും സംസ്ഥാന പട്ടികയിലേക്ക് (State List) മാറ്റണമെന്നും ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും നടനുമായ സി. ജോസഫ് വിജയ്. ചെന്നൈയിൽ സംഘടിപ്പിച്ച വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിലാണ് വിജയ് തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.

​തമിഴ്‌നാട്ടിലെ ഗ്രാമീണ മേഖലയിലുള്ള സാധാരണക്കാരായ വിദ്യാർത്ഥികളുടെ ഡോക്ടറാകാനുള്ള സ്വപ്നങ്ങൾക്ക് നീറ്റ് പരീക്ഷ വലിയ തടസ്സമാകുന്നുവെന്ന് വിജയ് ചൂണ്ടിക്കാട്ടി. ഓരോ സംസ്ഥാനത്തിനും അതിന്റേതായ വിദ്യാഭ്യാസ രീതിയും പാഠ്യപദ്ധതിയുമാണുള്ളത്. അതിനെ ഏകീകൃത പരീക്ഷയിലൂടെ അളക്കാൻ ശ്രമിക്കുന്നത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസം എന്നത് മുൻപ് സംസ്ഥാന പട്ടികയിലായിരുന്ന വിഷയമാണ്. എന്നാൽ അത് സമവർത്തിത പട്ടികയിലേക്ക് (Concurrent List) മാറ്റിയതാണ് പ്രശ്നങ്ങൾക്ക് കാരണം. വിദ്യാഭ്യാസം പൂർണ്ണമായും സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ വരികയാണെങ്കിൽ മാത്രമേ നീറ്റ് പോലുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകൂ. സി. ജോസഫ് വിജയ്

​തമിഴ്‌നാട് നിയമസഭ നീറ്റിനെതിരെ പാസാക്കിയ പ്രമേയത്തെ പിന്തുണയ്ക്കുന്നതായും, കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ വികാരത്തെ മാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് നടത്തുന്ന ഇത്തരം രാഷ്ട്രീയ നിലപാടുകൾ തമിഴ് രാഷ്ട്രീയത്തിൽ വൻ ചർച്ചയായിരിക്കുകയാണ്.

Tags

Share this story