നീറ്റ് ചോദ്യപേപ്പർ ചോർച്ച: നിർണായക ഡിജിറ്റൽ തെളിവുകളുമായി സിബിഐ കുറ്റപത്രം

പേപ്പർ ലീക്ക്

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച നീറ്റ്-യുജി (NEET-UG) ചോദ്യപേപ്പർ ചോർച്ച കേസിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) വിഷയാധിഷ്ഠിത വിദഗ്ദ്ധരും ഏജന്റന്മാരും ഉൾപ്പെട്ട വൻ ഗൂഢാലോചന പുറത്തുകൊണ്ടുവന്ന് സിബിഐ. കേസിൽ അറസ്റ്റിലായ 13 പ്രതികൾക്കെതിരെ സിബിഐ പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഡിജിറ്റൽ ഫോറൻസിക് തെളിവുകളുടെ വൻ ശേഖരമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

​എൻടിഎ കെമിസ്ട്രി വിദഗ്ദ്ധനും കേസിലെ പ്രധാന പ്രതികളിൽ ഒരാളുമായ പി. വി. കുൽക്കർണി താമസിച്ചിരുന്ന പൂനെയിലെ റസിഡൻഷ്യൽ സൊസൈറ്റിയിലെ ആക്സസ് കൺട്രോൾ ആപ്പിൽ നിന്നുള്ള രേഖകളാണ് കേസിൽ വഴിത്തിരിവായത്. എൻടിഎ നിബന്ധനകൾ ലംഘിച്ച് കുൽക്കർണി നടത്തിയിരുന്ന പ്രത്യേക കോച്ചിംഗ് ക്ലാസുകളിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ബയോമെട്രിക് എൻട്രി വിവരങ്ങൾ ഈ ആപ്പിൽ നിന്ന് സിബിഐ വീണ്ടെടുത്തു.

​മേയ് 3-ന് നടന്ന നീറ്റ് പരീക്ഷയ്ക്ക് ദിവസങ്ങൾക്ക് മുൻപ് ഏപ്രിൽ മാസത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ഈ സൊസൈറ്റിയിൽ എത്തിയിരുന്നുവെന്ന് ഫോൺ കോൾ ഡാറ്റ റെക്കോർഡുകളും (CDR) ലൊക്കേഷൻ വിശകലനവും വഴി സിബിഐ സ്ഥിരീകരിച്ചു.

എൻടിഎ ആസ്ഥാനത്തെ സുരക്ഷാ വീഴ്ച:

NTA സമിതിയിലെ സബ്ജക്ട് വിദഗ്ദ്ധരായ പി. വി. കുൽക്കർണി (കെമിസ്ട്രി), മനീഷ ഗുരുനാഥ് മന്ധാരെ (ബോട്ടണി & സുവോളജി), മനീഷ സഞ്ജയ് ഹവാൽദാർ (ഫിസിക്സ്) എന്നിവരാണ് ചോർച്ചയുടെ പ്രധാന ഉറവിടങ്ങളെന്ന് സിബിഐ കണ്ടെത്തി. ഡൽഹി ഓഖ്‌ലയിലുള്ള എൻടിഎ കെട്ടിടത്തിൽ ചോദ്യപേപ്പർ തർജ്ജമ ചെയ്യുന്ന സമയത്ത് നൽകിയ റഫ് ഷീറ്റുകളിലാണ് ഇവർ ചോദ്യങ്ങൾ കുറിച്ച് വെച്ചത്. കർശന പരിശോധനയില്ലാതെ ഇവർ ചെറിയ കടലാസ് കഷ്ണങ്ങളിൽ ചോദ്യങ്ങളും ഉത്തരങ്ങളും പുറത്തെത്തിക്കുകയായിരുന്നു.

​തുടർന്ന്, മനീഷ സഞ്ജയ് വാഗ്മറെ എന്ന ബ്യൂട്ടീഷ്യൻ വഴി രാജസ്ഥാൻ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്ക് ഏജന്റന്മാർ മുഖേന ചോദ്യപേപ്പറുകൾ വിതരണം ചെയ്തു. ഡൽഹി യൂണിവേഴ്‌സിറ്റിയിലെ വിദഗ്ദ്ധ സമിതി നടത്തിയ പരിശോധനയിൽ ചോർന്ന ചോദ്യങ്ങളും എൻടിഎ ചോദ്യപേപ്പറും തമ്മിൽ 85 ശതമാനത്തോളം സാമ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

​ഭാരതീയ ന്യായ സംഹിത (BNS), അഴിമതി നിരോധന നിയമം, പബ്ലിക് എക്സാമിനേഷൻ ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Tags

Share this story