നേപ്പാൾ പ്രളയം; അതിർത്തി വ്യാപാരം തടസ്സപ്പെട്ടു: യുപിയിലെ സൊണൗലി അതിർത്തിയിൽ കിലോമീറ്ററുകളോളം ചരക്കുലോറി നിര

ചരക്ക് ലോറി

ലഖ്‌നൗ: നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയത്തെയും മണ്ണിടിച്ചിലിനെയും തുടർന്ന് ഭാരത്-നേപ്പാൾ അതിർത്തിയിലെ വ്യാപാര ബന്ധം കടുത്ത പ്രതിസന്ധിയിൽ. പ്രളയം മൂലം റോഡുകൾ തകരുകയും ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുകയും ചെയ്തതോടെ ഉത്തർപ്രദേശിലെ സൊനൗലി അതിർത്തിയിൽ കിലോമീറ്ററുകളോളം നീളത്തിൽ ചരക്കുലോറികൾ കുടുങ്ങിക്കിടക്കുകയാണ്.

​നേപ്പാളിലെ കാഠ്മണ്ഡു ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്കുള്ള പാതകളിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലും രൂപപ്പെട്ടതോടെയാണ് അതിർത്തി കടന്നുള്ള വാഹനഗതാഗതം നിർത്തിവെക്കേണ്ടി വന്നത്. അതിർത്തിയിലെ ബെൽഹിയ കസ്റ്റംസ് വഴിയുള്ള ചരക്കുനീക്കം നിലച്ചതോടെ അവശ്യസാധനങ്ങളും ഭക്ഷ്യവസ്തുക്കളും കയറ്റിയ നൂറുകണക്കിന് ട്രക്കുകളാണ് ദിവസങ്ങളായി റോഡിൽ കിടക്കുന്നത്.

​തീവ്രമഴയിൽ നദികൾ കരകവിഞ്ഞൊഴുകുന്നതിനെ തുടർന്ന് ഉത്തർപ്രദേശിലെയും ബിഹാറിലെയും അതിർത്തി ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതുവരെ അതിർത്തിയിലെ വാഹന നിയന്ത്രണം തുടരുമെന്ന് അധികൃതർ അറിയിച്ചു.

Tags

Share this story