നേപ്പാളിലെ ഉരുൾപൊട്ടൽ: ഉത്തരാഖണ്ഡിൽ കാളി നദീതീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം
പിത്തോറഗഡ്: നേപ്പാളിലുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് കാളി നദിയിലെ ജലനിരപ്പ് ഉയർന്നേക്കാമെന്ന മുന്നറിയിപ്പുമായി ഉത്തരാഖണ്ഡ് ദുരന്തനിവാരണ സേന. അതിർത്തി ജില്ലയായ പിത്തോറഗഡിലെ ജുലാഘട്ട് മേഖലയിലെ കാളി നദീതീരത്ത് താമസിക്കുന്ന ജനങ്ങളോട് ജാഗ്രത പാലിക്കാനും നദിക്കരയിലേക്ക് പോകരുതെന്നും ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി.
നേപ്പാളിലെ ചമേലിയ നദിയിൽ ഉരുൾപൊട്ടലിനെ തുടർന്ന് വലിയ തോതിൽ വെള്ളം കെട്ടിക്കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് നടപടി. കാളി നദിയുടെ ഉപനദിയാണ് ചമേലിയ. നേപ്പാളിലെ ബൈതാഡി, ദാർചുല ജില്ലകളിലെ ചീഫ് ഡിസ്ട്രിക്റ്റ് ഓഫീസർമാരാണ് ഇവിടുത്തെ അധികൃതരെ വിവരമറിയിച്ചത്.
നിലവിൽ കാളി നദിയിലെ ജലനിരപ്പ് സാധാരണ നിലയിലാണെങ്കിലും, ഡാം തുറക്കുകയോ കെട്ടിക്കിടക്കുന്ന വെള്ളം കുത്തിയൊഴുകിയെത്തുകയോ ചെയ്താൽ പെട്ടെന്ന് പ്രളയസാധ്യതയുള്ളതിനാൽ മുൻകരുതൽ ശക്തമാക്കി. അടിയന്തര സാഹചര്യം നേരിടാൻ അതിർത്തി രക്ഷാസേനകളായ എസ്.എസ്.ബി (SSB), ഐ.ടി.ബി.പി (ITBP) എന്നിവർക്ക് സജ്ജരായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
