പിഎസ്എൽവിയുടെ പരാജയം പഠിക്കാൻ പുതിയ സമിതി; പ്രൊഫ. കെ വിജയരാഘവൻ അധ്യക്ഷൻ
Feb 17, 2026, 17:05 IST
പിഎസ്എൽവി-സി 62 ദൗത്യത്തിന്റെ പരാജയം പഠിക്കാൻ പുതിയ സമിതി വരുന്നു. പ്രധാനമന്ത്രിയുടെ മുൻ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫസർ കെ വിജയരാഘവൻ അധ്യക്ഷനും മുൻ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് ഉപാധ്യക്ഷനുമായാണ് പുതിയ സമിതി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരമാണ് പരാജയം പഠിക്കാൻ പുതിയ സമിതി രൂപീകരിച്ചത്.
നേരത്തെ കെ ശിവന്റെ നേതൃത്വത്തിൽ ഒരു സമിതിയെ പരാജയം പഠിക്കാൻ നിയോഗിച്ചിരുന്നു. ഈ സമിതി റിപ്പോർട്ട് സമർപ്പിച്ചോ എന്നതിൽ വ്യക്തതയില്ല. ഇതാദ്യമായാണ് ഐഎസ്ആർഒക്ക് പുറത്ത് നിന്നൊരാളുടെ നേതൃത്വത്തിൽ ഒരു സമിതി പരാജയം പഠിക്കാനായി വരുന്നത്
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വി എസ് എസ് സിയിലടക്കം എത്തി പരിശോധിച്ച ശേഷമാണ് നടപടിയെന്നത് ശ്രദ്ധേയമാണ്. തുമ്പയിലെ വി എസ് എസ് സിയിലെത്തിയ ഡോവൽ ശാസ്ത്രജ്ഞരെ അടക്കം കണ്ട് വിവരങ്ങൾ ശേഖരിച്ചിരുന്നു.
