വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പുതിയ നിബന്ധന; മാതാപിതാക്കളുടെ എസ്ഐആർ വിവരങ്ങൾ നിർബന്ധമാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കാൻ ആഗ്രഹിക്കുന്നവർക്ക് കടുത്ത നിബന്ധനയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനായി സമർപ്പിക്കുന്ന അപേക്ഷകൾക്കൊപ്പം ഇനി മുതൽ അപേക്ഷകരുടെ മാതാപിതാക്കളുടെ എസ്ഐആർ (Special Intensive Revision - പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ) വിവരങ്ങൾ കൂടി നിർബന്ധമായും സമർപ്പിക്കണം.
നിലവിലുള്ള വോട്ടർമാർക്ക് മാത്രം ബാധകമായിരുന്ന ഈ നിബന്ധനയാണ് ഇപ്പോൾ പുതിയ അപേക്ഷകർക്കും നിർബന്ധമാക്കിയിരിക്കുന്നത്. പുതിയ വോട്ടർമാർക്കായി നിശ്ചയിച്ചിട്ടുള്ള 'ഫോം 6' ലാണ് ഈ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
മാതാപിതാക്കളുടെ വിവരങ്ങൾ: അപേക്ഷകരുടെ മാതാപിതാക്കൾ മുൻപത്തെ എസ്ഐആർ പ്രക്രിയയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് 'ഫോം 6'-ലെ പുതിയ ഡിക്ലറേഷൻ കോളത്തിൽ വ്യക്തമാക്കണം.
ബൂത്ത് വിവരങ്ങൾ: മാതാപിതാക്കൾ എസ്ഐആറിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർ വോട്ട് ചെയ്ത അസംബ്ലി മണ്ഡലം, പോളിങ് ബൂത്ത് നമ്പർ, വോട്ടർ പട്ടികയിലെ സീരിയൽ നമ്പർ എന്നിവ രേഖപ്പെടുത്തണം.
മറ്റ് വിവരങ്ങൾ: മാതാപിതാക്കളുടെ പേര് എസ്ഐആറിൽ ഇല്ലെങ്കിൽ, അത് പ്രത്യേകം രേഖപ്പെടുത്തി അവരുടെ വോട്ടർ ഐഡി (EPIC) നമ്പറുകൾ നൽകേണ്ടതുണ്ട്.
കമ്മീഷന്റെ വിശദീകരണം: പുതിയ മാറ്റം വഴി വ്യാജ വോട്ടർമാരെ ഒഴിവാക്കാനും വോട്ടർമാരെ കൃത്യമായി മാപ്പ് ചെയ്യാനും സാധിക്കും. കൂടാതെ, വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പുതിയ അപേക്ഷകർ സമർപ്പിക്കേണ്ട മറ്റ് രേഖകളുടെ എണ്ണം കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു.
നിലവിൽ ഓൺലൈൻ വഴി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ശ്രമിക്കുന്നവർക്ക് ഈ വിവരങ്ങൾ നൽകാതെ അപേക്ഷ പൂർത്തിയാക്കാൻ സാധിക്കില്ല. വോട്ടർപട്ടിക പൂർണ്ണമായും ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ പുതിയ നീക്കം.
