പുതിയ തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ മാർച്ച് 15നകം നിയമിച്ചേക്കും

Election

ന്യൂഡൽഹി: പുതിയ രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ മാർച്ച് 15നകം നിയമിച്ചേക്കും. മൂന്നംഗ പാനലിലെ അനൂപ് ചന്ദ്ര പാണ്ഡേ വിരമിക്കുകയും മറ്റൊരു അംഗമായ അരുൺ ഗോയൽ അപ്രതീക്ഷിതമായി രാജി വയ്ക്കുകയും ചെയ്ത രണ്ട് ഒഴിവിലേക്കാണ് അടിയന്തരമായി നിയമനം നടത്തുക. ലോക്സഭാ തെരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് അരുൺ ഗോയൽ രാജി വച്ചത്. രാഷ്ട്രപതി ദ്രൗപതി മുർമു രാജി സ്വീകരിച്ചു. നിലവിൽ പോൾ പാനലിൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറായ രാജീവ് കുമാർ മാത്രമേ അവശേഷിക്കുന്നുള്ളൂ.

പുതിയ തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുന്നതിനു മുന്നോടിയായി നിയമകാര്യമന്ത്രി അർജുൻ രാം മേഘ്‌വാളിന്‍റെ നിയന്ത്രണത്തിൽ‌ ആഭ്യന്തര സെക്രട്ടറി പേഴ്സണൽ ആൻഡ് ട്രെയിനിങ് ഡിപ്പാർട്മെന്‍റ് സെക്രട്ടറി എന്നിവർ ഉൾപ്പെടുന്ന സെർച്ച് കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി രണ്ടു തെര ഞ്ഞെടുപ്പു കമ്മിഷണർമാരുടെ ഒഴിവിലേക്കായി അഞ്ചു പേർ വീതം ഉൾപ്പെടുന്ന രണ്ടു വ്യത്യസ്ത പാനലുകൾ തയാറാക്കും. അതിനു ശേഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിമാർ, കോൺഗ്രസ് പാർ‌ട്ടി ലോക്സഭാ നേതാവ് അധിർ രഞ്ജൻ ചൗധരി എന്നിവരടങ്ങുന്ന സെലക്ഷൻ കമ്മിറ്റിയായിരിക്കും രണ്ടു പാനലുകളിൽ നിന്നായി അർഹരായവ രണ്ടു പേരെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്ന കമ്മിഷണർമാരെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കും.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി മാർച്ച് 13, 14 തിയതികളിലായി ചേരുമെന്നാണ് റിപ്പോർട്ട്. മാർച്ച് 15നുള്ളിൽ തെരഞ്ഞെടുപ്പ് കമ്മിഷണർമാർ നിയമിക്കപ്പെട്ടേക്കും. അരുൺ ഗോയൽ വ്യക്തിപരമായ പ്രശ്നങ്ങളാൽ രാജി സമർപ്പിച്ചുവെന്നതിൽ കൂടുതലായി മറ്റൊരു വിവരവും ഇതു വരെ പുറത്തു വന്നിട്ടില്ല.

Share this story