ഡൽഹിയിൽ സമരങ്ങൾക്ക് പുതിയ നിയന്ത്രണം: പ്രതിഷേധങ്ങളുടെ ഫണ്ടിംഗും സംഘാടനവും അന്വേഷിക്കാൻ പോലീസിന്റെ കടുത്ത നീക്കം

ഡൽഹി പോലീസ്

ന്യൂഡൽഹി: ജന്തർ മന്തറിലെ സമീപകാല പ്രതിഷേധങ്ങൾക്ക് ശേഷം തലസ്ഥാനത്ത് ക്രമസമാധാന പരിപാലനവും ജനക്കൂട്ട നിയന്ത്രണവും ശക്തമാക്കാൻ പുതിയ തന്ത്രങ്ങളുമായി ഡൽഹി പോലീസ്. പ്രതിഷേധങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്ലേബുക്ക് കടുപ്പിക്കുന്നതിന്റെ ഭാഗമായി, സമരങ്ങളുടെ സംഘാടകർ, അവർക്ക് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ (Funding), പ്രദേശ തലത്തിലുള്ള പിന്തുണയും നെറ്റ്‌വർക്കുകളും എന്നിവ കേന്ദ്രീകരിച്ച് സമഗ്രമായ അന്വേഷണത്തിനും നിരീക്ഷണത്തിനുമാണ് പോലീസ് തുടക്കമിടുന്നത്.

​പൊതുജനങ്ങൾക്ക് തടസ്സമുണ്ടാക്കുന്നതും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതുമായ പ്രതിഷേധങ്ങൾ മുൻകൂട്ടി തടയുകയാണ് ലക്ഷ്യം. സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണങ്ങൾ, പെട്ടെന്നുള്ള ജനശ്രദ്ധയും ആളുകളെ കൂട്ടലുകളും, സാമ്പത്തിക ഇടപാടുകൾ എന്നിവ പോലീസ് പ്രത്യേകം നിരീക്ഷിക്കും. 'ന്യൂജെൻ' രീതിയിലുള്ള സമരങ്ങളെ നേരിടാൻ കേന്ദ്ര ഏജൻസികളുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരമുള്ള തന്ത്രങ്ങളാണ് പോലീസ് പുറത്തെടുക്കുന്നത്.

​അനുമതിയില്ലാത്ത പ്രകടനങ്ങൾ തടയുന്നതിനും, സമരം നടക്കുന്ന സ്ഥലങ്ങളിലേക്ക് ആളുകൾ എത്തുന്നത് നിയന്ത്രിക്കുന്നതിനും പ്രാദേശിക ശൃംഖലകളെ കണ്ടെത്തി നടപടി സ്വീകരിക്കും. രാജ്യതലസ്ഥാനത്തെ സുരക്ഷ ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിൽ പരിശോധനകളും രഹസ്യാന്വേഷണ നടപടികളും കൂടുതൽ കർശനമാക്കാനാണ് പോലീസ് തീരുമാനം.

Tags

Share this story