കശ്‌മീരിൽ ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദിയുടെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി

NIA

ജമ്മു കശ്‌മീരിലെ കുപ്‌വാര ജില്ലയിൽ കഴിഞ്ഞ മാസം പാക്കിസ്ഥാനിൽ കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദ്ദീൻ (എച്ച്എം) തീവ്രവാദിയുടെ സ്വത്തുക്കൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ശനിയാഴ്‌ച കണ്ടുകെട്ടി. വടക്കൻ കശ്‌മീർ ജില്ലയിലെ ക്രാൽപോറയിലെ ബാബർപോര പ്രദേശത്തെ താമസക്കാരനായ ബഷീർ അഹമ്മദ് പിറിന്റെ സ്വത്തുക്കൾ പാകിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്ന തീവ്രവാദികൾക്കെതിരായ നടപടിയുടെ ഭാഗമായി ഏജൻസി കണ്ടുകെട്ടിയതായി അധികൃതർ പറഞ്ഞു.

ഫെബ്രുവരി 21ന് റാവൽപിണ്ടിയിൽ വെച്ച് സംഘടനയുടെ സ്വയം പ്രഖ്യാപിത കമാൻഡറായ പിർ വെടിയേറ്റ് മരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പിറിന്റെ പേരിലുള്ള ബാഗ്പോര, പൻസഗം പ്രദേശങ്ങളിലെ രണ്ട് പ്ലോട്ടുകളാണ് എൻഐഎ കണ്ടുകെട്ടിയത്.

നിയന്ത്രണ രേഖയിലൂടെ ജമ്മു കശ്‌മീരിലേക്ക് ഭീകരരെ ഇറക്കുന്നതിന്റെ ചുമതല വഹിച്ചിരുന്ന പിറിനെ ഭീകര പ്രവർത്തനങ്ങളിലെ പങ്കിന്റെ പേരിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (യുഎപിഎ) പ്രകാരം കഴിഞ്ഞ വർഷം ഒക്ടോബർ നാലിന് കേന്ദ്ര സർക്കാർ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 

ഹിസ്ബുൾ മുജാഹിദീൻ, ലഷ്‌ക-ഇ-തൊയ്ബ, മറ്റ് തീവ്രവാദ സംഘടനകൾ എന്നിവയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി മുൻ തീവ്രവാദികളെയും മറ്റ് കേഡറുകളെയും ഒന്നിപ്പിക്കാൻ നിരവധി ഓൺലൈൻ പ്രചരണ ഗ്രൂപ്പുകളിൽ പിർ പങ്കെടുത്തതായി വിജ്ഞാപനത്തിൽ പറയുന്നു.

അൽ-ഉമർ മുജാഹിദ്ദീൻ സ്ഥാപകനും സ്വയം പ്രഖ്യാപിത ചീഫ് കമാൻഡറുമായ 'ലത്രം' എന്ന മുസ്‍താഖ് സർഗാറിന്റെ ശ്രീനഗർ ആസ്ഥാനമായുള്ള സ്വത്ത് വ്യാഴാഴ്‌ച കണ്ടുകെട്ടുകയും, ബാരാമുള്ള ജില്ലയിൽ ബാസിത് അഹമ്മദ് റെഷിയെന്ന ടിആർഎഫ് പ്രവർത്തകന്റെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്‌തതിന് പിന്നാലെയാണ് എൻഐഎ നടപടി

Share this story