സജ്ജൻ കുമാറിന്റെ വിയോഗത്തിൽ അനുശോചനം: ഡൽഹിയിലെ മൂന്ന് ബി.ജെ.പി എം.പിമാർക്ക് നിതിൻ നബീന്റെ കടുത്ത ശാസന
ന്യൂഡൽഹി: 1984-ലെ സിഖ് വിരുദ്ധ കലാപക്കേസിൽ തടവുശിക്ഷ അനുഭവിക്കവെ അന്തരിച്ച മുൻ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച മൂന്ന് ബി.ജെ.പി എം.പിമാർക്കെതിരെ നടപടിയുമായി പാർട്ടി നേതൃത്വം. ഡൽഹിയിൽ നിന്നുള്ള എം.പിമാരായ കമൽജീത് സെഹ്‌രാവത്, രാംവീർ സിങ് ബിധൂരി, യോഗേന്ദർ ചന്ദോലിയ എന്നിവരെ ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ നേരിട്ട് വിളിപ്പിച്ചുവരുത്തി കടുത്ത ഭാഷയിൽ ശാസിച്ചു.
പാർട്ടി നയത്തിനും നിലപാടിനും വിരുദ്ധമായി പ്രവർത്തിച്ചതിനാണ് ദേശീയ അധ്യക്ഷൻ എം.പിമാരോട് കടുത്ത അമർഷം രേഖപ്പെടുത്തിയത്. ഡൽഹിയിലെ സജ്ജൻ കുമാറിന്റെ വസതിയിലെത്തി എം.പിമാർ കുടുംബാംഗങ്ങളെ കണ്ട് അനുശോചനം അറിയിക്കുകയായിരുന്നു. എന്നാൽ, പാർട്ടി നേതൃത്വത്തെ അറിയിക്കാതെയായിരുന്നു ഈ സന്ദർശനം.
1984-ലെ സിഖ് വിരുദ്ധ കലാപത്തിലെ ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിൽ എപ്പോഴും മുന്നിൽ നിന്ന പാർട്ടിയാണ് ബി.ജെ.പിയെന്നും, അതിനാൽ തന്നെ ശിക്ഷിക്കപ്പെട്ട കുറ്റവാളിയുടെ വസതിയിലെത്തി അനുശോചനം അറിയിച്ച എം.പിമാരുടെ നടപടി പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്നും ബി.ജെ.പി വൃത്തങ്ങൾ വ്യക്തമാക്കി.
മുതിർന്ന അഭിഭാഷകനും ബി.ജെ.പി നേതാവുമായ എച്ച്.എസ്. ഫൂൽക്ക അടക്കമുള്ളവർ എം.പിമാരുടെ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. സിഖ് വംശഹത്യയിലെ ഇരകളായ കുടുംബങ്ങളോടാണ് സഹതാപം കാണിക്കേണ്ടതെന്നും കുറ്റവാളികളോടല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് വലിയ രാഷ്ട്രീയ തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ അടിയന്തര ഇടപെടൽ.
ഓഗസ്റ്റ് 20-നാണ് രണ്ട് ജീവപര്യന്തം ശിക്ഷ അനുഭവിക്കവെ സജ്ജൻ കുമാർ ജയിലിൽ വെച്ച് മരിച്ചത്.
