ഞായറാഴ്ച നിയമസഭാ കക്ഷി യോഗം വിളിച്ച് നിതീഷ് കുമാർ; ബിഹാറിൽ രാഷ്ട്രീയനാടകം തുടരുന്നു

ബിഹാറിൽ രാഷ്ട്രീയ നാടകം തുടരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാർ എൻഡിഎയിലേക്കെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ ബിജെപി സംസ്ഥാന നിർവാഹക സമിതി യോഗം ഇന്ന് ചേരും. ബിഹാറിലെ സാഹചര്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് വിലയിരുത്തുന്നുണ്ട്. നിതീഷ് കുമാർ ഞായറാഴ്ച നിയമസഭാ കക്ഷി യോഗം വിളിച്ചത് അഭ്യൂഹങ്ങൾ ശക്തമാക്കിയിട്ടുണ്ട്

എന്നാൽ ജെഡിയു മഹാസഖ്യം ഒഴിവാക്കി ബിജെപിക്കൊപ്പം ചേർന്ന് സർക്കാരുണ്ടാക്കില്ലെന്ന് ഇന്നലെ ജെഡിയു സംസ്ഥാന പ്രസിഡന്റ് ഉമേഷ് കുശ്വാഹ പ്രതികരിച്ചിരുന്നു. ജെഡിയു ഇന്ത്യ സഖ്യത്തിൽ തുടരുമെന്നാണ് കുശ്വാഹ പറഞ്ഞത്. ആരുടെയും മുന്നിൽ വാതിലുകൾ അടച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഇതിന് പിന്നാലെ ബിജെപി നേതാവ് സുശീൽ കുമാർ മോദിയും രംഗത്തുവന്നിരുന്നു. 

ദീർഘകാലം എൻഡിഎയുടെ ഭാഗമായിരുന്ന നിതീഷ് 2014ൽ മോദി പ്രധാനമന്ത്രി ആയതോടെയാണ് മുന്നണി വിട്ടത്. പിന്നീട് ആർജെഡിക്കും കോൺഗ്രസിനുമൊപ്പം മഹാസഖ്യമുണ്ടാക്കി മുഖ്യമന്ത്രിയായി. എന്നാൽ പിന്നീട് ഈ സഖ്യം തകരുകയും വീണ്ടും ബിജെപിക്കൊപ്പം ചേർന്ന് ബിഹാറിൽ എൻഡിഎ സർക്കാരുണ്ടാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം ചേർന്ന് മത്സരിച്ച് മുഖ്യമന്ത്രി ആയെങ്കിലും 2022ൽ വീണ്ടും തെറ്റിപ്പിരിഞ്ഞ് മഹാസഖ്യത്തിന്റെ ഭാഗമായി. 

പ്രതിപക്ഷ മുന്നണിയായ ഇന്ത്യ സഖ്യരൂപീകരണത്തിലും നിർണായക പങ്ക് വഹിച്ചയാളാണ് നിതീഷ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നിതീഷ് വീണ്ടും എൻഡിഎ പാളയത്തിലേക്ക് മടങ്ങുമെന്ന അഭ്യൂഹം ശക്തമാകുന്നത്.
 

Share this story