രാവിലെ രാജി: വൈകിട്ട് വീണ്ടും സത്യപ്രതിജ്ഞ: ഒമ്പതാം വട്ടം ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ

Bihar

രാവിലെ രാജി, വൈകിട്ട് വീണ്ടും സ്ഥാനാരോഹണം. അങ്ങനെ, ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഒമ്പതാം വട്ടവും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അഞ്ച് വട്ടം ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചിട്ടുള്ള നിതീഷ് ആറാം വട്ടവും അതേ പാർട്ടിയുമായി കൂട്ടുചേർന്നാണ് അധികാരം അരക്കിട്ടുറപ്പിച്ചിരിക്കുന്നത്. മൂന്നു വട്ടം ആർജെഡി പിന്തുണയോടെയായിരുന്നു ഭരണം.

ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിലും ഭേദം മരിക്കുന്നതാണെന്നു മുൻപ് പ്രഖ്യാപിച്ച നിതീഷ്, ബിജെപി പിന്തുണയോടെ സത്യപ്രതിജ്ഞ ചെയ്യുന്നതു കാണാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും എത്തിയിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് സമ്രാട്ട് ചൗധരിയും മുൻ പ്രതിപക്ഷ നേതാവ് വിജയ് കുമാർ സിൻഹയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ഇവരെ കൂടാതെ മറ്റ് ആറ് മന്ത്രിമാരും അധികാരമേറ്റു.

ആർജെഡിയുമായും കോൺഗ്രസുമായും ഉണ്ടായിരുന്ന സഖ്യം അവസാനിപ്പിക്കുകയാണെന്നും പുതിയ സഖ്യത്തിൽ ചേരുകയാണെന്നും നിതീഷ് ഔപചാരികമായി പ്രഖ്യാപിക്കുകയും ചെയ്തു. 243-അംഗ നിയമസഭയിൽ 45 അംഗങ്ങൾ മാത്രമാണ് നിതീഷിന്‍റെ ജെഡിയുവിനുള്ളത്. ബിജെപിയുടെയും എച്ച്എഎമ്മിന്‍റെയും പിന്തുണ ലഭിക്കുമ്പോൾ ആകെ 127 അംഗങ്ങളുടെ പിന്തുണ. 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. ആർജെഡിക്ക് 79, കോൺഗ്രസിന് 19, ഇടതുപക്ഷത്തിന് 16 എന്നിങ്ങനെയാണ് മറ്റു പാർട്ടികളുടെ കക്ഷിനില. ഇതെല്ലാം ചേർന്നാലും 114 സീറ്റേ വരുന്നുള്ളൂ.

മുന്നണിയിൽ കാര്യങ്ങൾ ശരിയായല്ല പൊയ്ക്കൊണ്ടിരുന്നതെന്നും, അതിനാലാണ് താൻ രാജിവച്ചതെന്നുമായിരുന്നു നിതീഷിന്‍റെ വിശദീകരണം. എപ്പോൾ വേണമെങ്കിലും ഇതു സംഭവിക്കുമെന്ന് അറിയാമായിരുന്നു എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു.

Share this story