നിതീഷ് കുമാർ എൻഡിഎയിലേക്ക്?; നിതീഷിന് മുമ്പിൽ നിബന്ധനകൾ വച്ച് ബിജെപി

Nithesh

ന്യൂഡല്‍ഹി: ബിഹാറില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ആര്‍ജെഡിയുമായുള്ള ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കവെ എന്‍ഡിഎയിലേക്ക് മടങ്ങാന്‍ ജെഡിയു നേതാവ് നിതീഷ് കുമാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിന്റെ ജന്മവാര്‍ഷിക പരിപാടിയില്‍ നിതീഷ് കുമാര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ എക്‌സില്‍ പോസ്റ്റിട്ടതോടെ വിള്ളല്‍ ശക്തമായിട്ടുണ്ട്.

കര്‍പ്പൂരി താക്കൂര്‍ കാണിച്ച വഴി സ്വന്തം കുടുംബത്തില്‍ നിന്നും വന്ന ആളുകള്‍ക്ക് പാര്‍ട്ടിയില്‍ ഉന്നത സ്ഥാനം നല്‍കലായിരുന്നില്ല എന്നാണ് നിതീഷ് കുമാര്‍ പറഞ്ഞത്. ഇത് ലാലു പ്രസാദ് യാദവിനെതിരെയാണെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് രോഹിണി പോസ്റ്റിട്ടത്.

'പലപ്പോഴും, ആളുകള്‍ക്ക് സ്വന്തം പോരായ്മകള്‍ കാണാന്‍ കഴിയില്ല. പക്ഷെ ധിക്കാരത്തോടെ മറ്റുള്ളവര്‍ക്ക് നേരെ ചെളി എറിയുന്നത് തുടരുന്നു', എന്നടക്കമാണ് രോഹിണി കുറിച്ചത്. ഈ പോസ്റ്റുകളെ കുറിച്ചുള്ള വിവരങ്ങള്‍ നിതീഷ് അന്വേഷിച്ചെന്നാണ് വിവരം.

എന്‍ഡിഎയിലേക്ക് മടങ്ങാന്‍ നിതീഷിന് മുന്നില്‍ ബിജെപി നിബന്ധനകള്‍ വച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് രാജിവെക്കണമെന്നാണ് പ്രധാന ഉപാധി. ബിഹാര്‍ മന്ത്രിസഭ പിരിച്ചുവിട്ടേക്കും. നിയമസഭ പിരിച്ചുവിടുന്നതിനായി നിയമോപദേശം തേടുന്നുണ്ട്. നിതീഷിനെ എന്‍ഡിഎയിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി ആണ് ജെഡിയു ചര്‍ച്ചകള്‍ നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ പ്രധാനമന്ത്രിയും ചര്‍ച്ചയുടെ ഭാഗമായിട്ടുണ്ടെന്നാണ് വിവരം. ബിഹാര്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്നാണ് ജെഡിയു വൃത്തങ്ങള്‍ പറയുന്നത്.

Share this story