എഫ്.സി.ആർ.എ ഭേദഗതി ബില്ലിൽ വിട്ടുവീഴ്ചയില്ല: ക്രിസ്ത്യൻ സഭാ നേതൃത്വവുമായുള്ള ചർച്ചയിൽ മാറ്റമില്ലാതെ കേന്ദ്ര നിലപാട്
ന്യൂഡൽഹി: വിദേശസംഭാവനാ നിയന്ത്രണ ഭേദഗതി (എഫ്.സി.ആർ.എ.) ബിൽ ഉടൻ പാസാക്കാൻ കേന്ദ്രനീക്കം സജീവമാക്കിയിരിക്കെ, ആഭ്യന്തരമന്ത്രി അമിത്ഷായുമായി വീണ്ടും കൂടിക്കാഴ്ച നടത്തി ക്രൈസ്തവ സഭാ നേതൃത്വങ്ങൾ. ഒരാഴ്ചയ്ക്കിടെ രണ്ടുതവണ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യാ പ്രതിനിധികൾ ആഭ്യന്തരമന്ത്രിയെ കണ്ടെങ്കിലും ബിൽ പിൻവലിക്കുമെന്ന സൂചനയൊന്നും ലഭിച്ചില്ല.
മിസോറം മുഖ്യമന്ത്രി ലാൽ ദുഹോമയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവും ആഭ്യന്തരമന്ത്രിയെ സന്ദർശിച്ച് ബില്ലിലുള്ള ആശങ്കകൾ അറിയിച്ചു. മിസോറം കൊഹ്റാൻ ഹ്രുവൈതു കമ്മിറ്റിയും മിസോറം കൗൺസിൽ ഓഫ് ചർച്ചസും മുഖ്യമന്ത്രിക്കൊപ്പമെത്തി നിവേദനം നൽകി.
ഈ മാസം 12-ന് ലോക്സഭയിലും രാജ്യസഭയിലും ഒരുമിച്ച് ബിൽ കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ നീക്കം. അന്ന് അമിത്ഷാ സഭകളിൽ നേരിട്ടെത്തുമെന്നും സൂചനകളുണ്ട്. 13 വരെയാണ് വർഷകാലസമ്മേളനം.
എഫ്.സി.ആർ.എ. ലൈസൻസ് പുതുക്കാത്തതിന്റെ പേരിൽ പിടിച്ചെടുക്കുന്ന ആസ്തികൾക്ക് മുൻകാല പ്രാബല്യം ബാധകമാക്കുന്നത് വേണ്ടെന്നുവെക്കാമെന്ന് കഴിഞ്ഞയാഴ്ച ആഭ്യന്തരമന്ത്രി ഉറപ്പുനൽകിയെങ്കിലും അതുകൊണ്ട് പ്രയോജനമില്ലെന്ന് സി.ബി.സി.ഐ. പ്രതിനിധികൾ വ്യക്തമാക്കി. ബിൽ പൂർണമായും പിൻവലിക്കുകയോ സംയുക്ത പാർലമെന്ററിസമിതിക്ക് വിടുകയോ വേണമെന്ന് അവസാന കൂടിക്കാഴ്ചയിൽ അവർ ആവശ്യപ്പെട്ടു.
വിദേശപണത്തിന്റെ കാര്യത്തിൽ നിരീക്ഷണവും ക്രമീകരണവും ആവശ്യമല്ലേയെന്ന ചോദ്യമാണ് ആഭ്യന്തരമന്ത്രി ഉയർത്തിയത്. പിന്മാറ്റത്തിന്റെ യാതൊരു സൂചനയും മന്ത്രിയിൽ നിന്നുണ്ടായില്ല. സി.ബി.സി.ഐ. സെക്രട്ടറി ജനറലും ഡൽഹി ആർച്ച്ബിഷപ്പുമായ അനിൽ കൂട്ടോ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ, ഡി.എം.കെ. എം.പി. ഡോ. പി. വിത്സൺ എന്നിവരാണ് ചർച്ചയ്‌ക്കെത്തിയത്.
മൂന്ന് വ്യവസ്ഥകളിൽ ആശങ്ക
14 ബി: എഫ്.സി.ആർ.എ. ലൈസൻസ് പുതുക്കാതിരിക്കുകയോ പുതുക്കലിനുള്ള അപേക്ഷ നിരസിക്കപ്പെടുകയോ പുതുക്കാതെ സ്വമേധയാ കാലാവധി തീരുകയോ ചെയ്താൽ സ്ഥാപനത്തിന്റെ എഫ്.സി.ആർ.എ. സർട്ടിഫിക്കറ്റ് അസാധുവാക്കപ്പെടും.
16 എ: സർട്ടിഫിക്കറ്റ് അസാധുവാക്കപ്പെട്ടാൽ ബന്ധപ്പെട്ട സ്ഥാപനം കൈപ്പറ്റിയ വിദേശ സംഭാവനകളും ആസ്തികളും നിശ്ചിത അതോറിറ്റിയിലേക്ക് കണ്ടുകെട്ടാം. പുതിയ ലൈസൻസെടുക്കുകയോ പഴയ രജിസ്ട്രേഷൻ പുതുക്കുകയോ ചെയ്താൽ ഏറ്റെടുത്ത ആസ്തികൾ തിരിച്ചുനൽകും. ചെയ്തില്ലെങ്കിൽ ആസ്തികൾ അതോറിറ്റിയുടെ കീഴിലാകും.
16 ബി: പഴയ നിയമപ്രകാരം ക്രമീകരിക്കപ്പെട്ട ആസ്തികൾക്കും പുതിയ ഭേദഗതിപ്രകാരമുള്ള ചട്ടക്കൂട് ബാധകമാക്കുന്നതാണ് ഈ വ്യവസ്ഥ. വർഷങ്ങൾക്കുമുൻപ് എഫ്.സി.ആർ.എ. രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞുപോയ സ്ഥാപനങ്ങളെയും ബാധിക്കുന്നതാണ് ഈ വ്യവസ്ഥകളെന്നാണ് ആശങ്ക. വിദേശസംഭാവനകൾ സ്വീകരിക്കുന്നത് അവസാനിപ്പിച്ച് പൂർണമായും ആഭ്യന്തര ഫണ്ടുകളുപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് കീഴിലെ സ്‌കൂളുകൾ, ആശുപത്രികൾ, സാമൂഹികസേവന കേന്ദ്രങ്ങൾ മുതലായവയെയും ബാധിക്കുമെന്നും വിമർശകർ പറയുന്നു.
പ്രത്യേക സമ്മേളനമില്ല
നടപ്പുസമ്മേളനം 13-ന് അവസാനിപ്പിക്കാതെ 16 മുതൽ 18 വരെ പ്രത്യേകസമ്മേളനം ചേർന്ന് മണ്ഡലപുനർവിഭജന ബിൽ വീണ്ടും കൊണ്ടുവരുമെന്ന പ്രചാരണം കേന്ദ്രം നിഷേധിച്ചു.
വിദേശസഹായം: നയമാറ്റവുമായി അമേരിക്ക
വാഷിങ്ടൺ: വിദേശസഹായം വിതരണം ചെയ്യുന്ന രീതിയിൽ നിർണായകമാറ്റവുമായി അമേരിക്ക. ഇനിമുതൽ അമേരിക്കൻ സഹായധനം ഇടനിലക്കാരായ സർക്കാരിതര സംഘടനകൾ വഴിയല്ല, രാജ്യങ്ങൾക്ക് നേരിട്ടാണ് നൽകുകയെന്ന് യു.എസ്. വിദേശകാര്യസെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു.
