നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല; സ്വർണകാന്ത ശർമ്മയുടെ ബെഞ്ചിന് മുന്നിൽ ഹാജരാകില്ല: കെജ്‌രിവാൾ
മദ്യനയ അഴിമതിക്കേസിൽ ഡൽഹി ഹൈക്കോടതി ജഡ്ജി സ്വർണകാന്ത ശർമ്മയുടെ ബെഞ്ചിന് മുന്നിൽ ഹാജരാകാൻ വിസമ്മതിച്ച് മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കേസ് കേൾക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറണമെന്ന ഹർജി തള്ളിയതിനെ തുടർന്ന് ജുഡീഷ്യറിയുമായുള്ള പോരാട്ടം കെജ്‌രിവാൾ വീണ്ടും കടുപ്പിച്ചിരിക്കുകയാണ്.
ഈ ജഡ്ജിയിൽ നിന്ന് നീതി ലഭിക്കുമെന്ന വിശ്വാസം തനിക്ക് നഷ്ടപ്പെട്ടെന്നും പകരം മഹാത്മാഗാന്ധിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രതിഷേധത്തിന്റെ പാത സ്വീകരിക്കുമെന്നും ജഡ്ജിക്ക് അയച്ച കത്തിൽ കെജ്‌രിവാൾ വ്യക്തമാക്കി.
'ജഡ്ജിയിൽ പ്രതീക്ഷയില്ല'
"ജസ്റ്റിസ് സ്വർണകാന്ത ശർമ്മയിൽ നിന്ന് നീതി ലഭിക്കുമെന്ന എന്റെ പ്രതീക്ഷ തകർന്നിരിക്കുന്നു," താനോ തന്റെ നിയമ പ്രതിനിധികളോ കോടതിയിൽ ഹാജരാകില്ലെന്ന് വ്യക്തമാക്കി കെജ്‌രിവാൾ എഴുതി. "അതിനാൽ, ഗാന്ധിജിയുടെ സത്യാഗ്രഹത്തിന്റെ പാത പിന്തുടരാൻ ഞാൻ തീരുമാനിച്ചു," കോടതി നടപടികളോടുള്ള പ്രതീകാത്മക പ്രതിഷേധം സൂചിപ്പിച്ച് കൊണ്ട് കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
തന്റെ മനസ്സാക്ഷിയുടെ ശബ്ദം കേട്ടാണ് താൻ ഈ തീരുമാനം എടുത്തതെന്ന് ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ കൂടിയായ കെജ്‌രിവാൾ പറഞ്ഞു. ജഡ്ജിയുടെ വിധി ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയെ സമീപിക്കാൻ തനിക്ക് ഇപ്പോഴും അവകാശമുണ്ടെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.
കൂടുതൽ നിയമക്കുരുക്കിലേക്ക്
എങ്കിലും, അരവിന്ദ് കെജ്‌രിവാളിന്റെ ഈ നിസഹകരണം അദ്ദേഹത്തെ കൂടുതൽ നിയമക്കുരുക്കിലാക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹത്തിനെതിരെ വാറണ്ടിന് കാരണമാവുകയും ചെയ്യുമെന്ന് നിയമ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. "കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തിൽ പോലും, അപ്പീൽ നടപടികൾക്കായി ഹാജരാകുമെന്ന് പ്രതി ബോണ്ടിൽ ഒപ്പിട്ടിട്ടുണ്ടാകും. ബോണ്ട് ലംഘിച്ച് ഹാജരാകാതിരുന്നാൽ, കോടതിക്ക് ആദ്യം ജാമ്യം ലഭിക്കാവുന്ന വാറണ്ടും പിന്നീട് ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിക്കാൻ സാധിക്കും," മുതിർന്ന അഭിഭാഷകൻ സതീഷ് തംത പറഞ്ഞു.
കെജ്‌രിവാളിൻ്റെ ആവശ്യവും ജഡ്ജിയുടെ നയവും
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസ് കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് ശർമ്മ പിന്മാറാൻ വിസമ്മതിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് കെജ്‌രിവാളിന്റെ ഈ തീരുമാനം. ജഡ്ജിയുടെ മക്കൾ ഇതേ കേസിൽ കേന്ദ്രത്തെ പ്രതിനിധീകരിക്കുന്ന സോളിസിറ്റർ ജനറലിന് കീഴിൽ പ്രവർത്തിക്കുന്നുവെന്ന കാര്യ ചൂണ്ടിക്കാട്ടിയാണ് കെജ്രിവാൾ ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടത്. പക്ഷപാതപരമായ പെരുമാറ്റം ഉണ്ടായെന്ന കെജ്‌രിവാളിന്റെ ആരോപണങ്ങൾ ജഡ്ജി തള്ളിയിരുന്നു. കോടതി നടപടികൾ നിഷ്പക്ഷമായിരിക്കുമെന്നും ജുഡീഷ്യൽ സ്വാതന്ത്ര്യമാണ് പരമപ്രധാനമെന്നും ജഡ്ജി തന്റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു
