വിമാന ഇന്ധനത്തിൽ എഥനോൾ കലർത്താൻ പദ്ധതിയില്ല: കേന്ദ്രമന്ത്രി രാംമോഹൻ നായിഡു
ന്യൂഡൽഹി: വിമാന ഇന്ധനത്തിൽ (ATF) എഥനോൾ കലർത്താൻ കേന്ദ്ര സർക്കാരിന് യാതൊരു പദ്ധതിലുമില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു വ്യക്തമാക്കി. വിമാന സുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് യാത്രക്കാരിൽ അനാവശ്യ ഭീതി പരത്തുമെന്നും മന്ത്രി പറഞ്ഞു.
വിമാന ഇന്ധനത്തിൽ എഥനോൾ കലർത്താൻ മോദി സർക്കാർ പദ്ധതിയിടുന്നുണ്ടെന്നും ഇത് വിമാന സുരക്ഷയെ സാരമായി ബാധിക്കുമെന്നും മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എക്സിൽ (X) ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം.
കെജ്രിവാളിന്റെ അവകാശവാദം പൂർണ്ണമായും തെറ്റും ഉത്തരവാദിത്തമില്ലാത്തതുമാണെന്ന് രാംമോഹൻ നായിഡു പറഞ്ഞു. എഥനോളും സുസ്ഥിര വിമാന ഇന്ധനവും (Sustainable Aviation Fuel - SAF) രണ്ടും രണ്ടാണ്. ഇന്റർനാഷണൽ സിവിലിന്റെ (ICAO) അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ളതാണ് SAF എന്നും വിമാനയാത്രക്കാരുടെ സുരക്ഷയ്ക്കാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും മന്ത്രി വ്യക്തമാക്കി.
