വന്ദേഭാരത് സ്ലീപ്പറിൽ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

Vande Bharth Sleepr

ന്യൂഡൽഹി: ടിക്കറ്റ് റദ്ദാക്കുന്നതില്‍ പുതിയ പരിഷ്‌കരണത്തിന് ഉത്തരവിട്ട് ഇന്ത്യന്‍ റെയില്‍വെ. വന്ദേഭാരതിന്റെ സ്ലീപ്പര്‍ ട്രെയിനുകള്‍ക്കാണ് ഇത് ബാധകം. ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് 8 മണിക്കൂര്‍ പോലുമില്ലാതെ ടിക്കറ്റ് റദ്ദാക്കിയാല്‍ ഒരു രൂപ പോലും റീഫണ്ടായി ലഭിക്കില്ല. പുതുക്കിയ ഉത്തരവ് അനുസരിച്ച് ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുതല്‍ 8 മണിക്കൂര്‍ മുന്‍പ് വരെ ടിക്കറ്റ് റദ്ദാക്കിയാല്‍ 50 ശതമാനം കാന്‍സലേഷന്‍ ചാര്‍ജായി ഈടാക്കും.

ഇതിന് മുൻപ് കണ്‍ഫേം ടിക്കറ്റുകള്‍, ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടയില്‍ റദ്ദാക്കിയാൽ 25 ശതമാനം കാൻസലേഷൻ ചാർജ് ഇടാക്കിയതിന് ശേഷം ബാക്കി റീഫണ്ട് നൽകുന്നതായിരുന്നു. വന്ദേഭാരതിന്റെ സ്ലീപ്പര്‍ ട്രെയിനുകളിൽ ആർഎസി ഉണ്ടാവില്ലെന്നും മിനിമം ചാർജ് ഈടാക്കുന്ന ദൂരം 400 കിലോമീറ്റർ ആയിരിക്കുമെന്ന് റെയിൽവെ നേരത്തെ വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു. ഗുവാഹത്തി- കൊല്‍ക്കത്ത റൂട്ടിലാണ് ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. 11- 3 ടയര്‍ എസി കോച്ചുകള്‍, നാല് 2-ടയര്‍ എസി കോച്ചുകള്‍, ഒരു ഫസ്റ്റ് എസി എന്നിങ്ങനെ 16 കോച്ചുകളാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുള്ളത്. ആകെ 823 യാത്രക്കാര്‍ക്ക് ഒരേ സമയം സഞ്ചരിക്കാനാകും. മികച്ച യാത്ര അനുഭവം കുറഞ്ഞ നിരക്കില്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യവും ഈ അത്യാധുനിക സ്ലീപ്പര്‍ ട്രെയിൻ പുറത്തിറക്കിയതിന് പിന്നിലുണ്ടെന്ന് റെയിൽവെ വ്യക്തമാക്കിയിട്ടുണ്ട്.

Tags

Share this story