കൊടുംചൂടിൽ ഉരുകി ഉത്തരേന്ത്യ; രാജസ്ഥാനിൽ മൂന്ന് പേർ കൂടി മരിച്ചു, താപനില 50 ഡിഗ്രിയോട് അടുത്ത്

കൊടും ചൂടിൽ വലഞ്ഞ് ഉത്തരേന്ത്യ. കടുത്ത ഉഷ്ണതരംഗത്തിൽ രാജസ്ഥാനിൽ മൂന്ന് പേർ കൂടി മരിച്ചു. ഒരു സൈനികൻ അടക്കം 15 പേരാണ് രാജസ്ഥാനിൽ കനത്ത ചൂടിൽ ഇതുവരെ മരിച്ചത്. ഇതുവരെ 3965 പേരാണ് ചൂട് മൂലം ചികിത്സ തേടിയത്. രാജസ്ഥാനിൽ പലയിടത്തും 50 ഡിഗ്രിയോടടുത്താണ് താപനില.

ബാർമറിലും ബിക്കാനീറിലും ആളുകൾ പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രാദേശിക ഭരണകൂടങ്ങൾ നിർദേശം നൽകി. സൂര്യാഘാത സാധ്യത കൂടിയതിനെ തുടർന്ന് ഡൽഹിയിൽ സർക്കാർ ആശുപത്രികളിൽ പ്രത്യേക കിടക്കകൾ സജ്ജീകരിച്ചു.

ഇന്നലെ ഡൽഹിയിൽ രേഖപ്പെടുത്തിയത് 49.2 ഡിഗ്രി സെൽഷ്യസ് ചൂടാണ്. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഡൽഹി, യുപി എന്നീ സംസ്ഥാനങ്ങളിലാണ് സ്ഥിതി ഗുരുതരമായി തുടരുന്നത്. രാത്രി താപനിലയും ഉയർന്നുതന്നെ നിൽക്കുകയാണ്. മൂന്ന് ദിവസം കൂടി കടുത്ത ഉഷ്ണതരംഗം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.

Share this story