പരീക്ഷക്ക് മുമ്പ് പരിഗണിക്കില്ല; ഹിജാബ് കേസ് ഹോളി അവധിക്ക് ശേഷമെന്ന് സുപ്രീം കോടതി
Fri, 3 Mar 2023

ഹിജാബ് കേസ് ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി. കർണാടകയിൽ പരീക്ഷ അടുത്താഴ്ച ആരംഭിക്കാനിരിക്കെ ഉടൻ പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ശരീഅത്ത് കമ്മിറ്റിയാണ് സുപ്രീം കോടതിയിൽ ഈ ആവശ്യമുന്നയിച്ചത്.
മാർച്ച് 9 മുതലാണ് പരീക്ഷകൾ ആരംഭിക്കുന്നത്. ഹിജാബ് ധരിച്ച് വിദ്യാർഥികളെ പരീക്ഷ എഴുതാൻ സമ്മതിക്കില്ലെന്ന് കർണാടകയിലെ വിദ്യാലയങ്ങൾ അറിയിച്ചിരുന്നു. ഇതിനാൽ കേസ് ഉടൻ പരിഗണിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
എന്നാൽ ഹോളി അവധിക്ക് ശേഷം കേസ് ഉടൻ ലിസ്റ്റ് ചെയ്യാമെന്നും അവസാന ദിവസം വന്നാൽ എന്ത് ചെയ്യാനാകുമെന്നും ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഢ് ചോദിച്ചു. ഹോളി അവധികൾക്കായി സുപ്രീം കോടതി ഇന്ന് അടയ്ക്കും. മാർച്ച് 13നാണ് കോടതി വീണ്ടും തുറക്കുക.