ഡൽഹിയ്ക്ക് വേണ്ടിയുള്ള പോരാട്ടം മാത്രമല്ല; ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി കെജ്രിവാൾ

Nailonal

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച്ച നടത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കേന്ദ്രസർക്കാരിനെതിരെ രാജ്യവ്യാപകമായി കെജ്രിവാൾ നടത്തുന്ന പര്യടനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച്ച. ഡൽഹിയിലെ സേവനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ ഓർഡിനൻസിനെതിരായ തന്റെ പോരാട്ടത്തിന് പിന്തുണ നേടുന്നതിനായാണ് കെജ്രിവാളിന്റെ പര്യടനം. 

ഉദ്ധവിന്റെ സേനാ വിഭാഗം എഎപിക്ക് പിന്തുണ നൽകുകയും ഓർഡിനൻസിനെ പാർലമെന്റിൽ എതിർക്കുകയും ചെയ്യുമെന്ന് കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ കെജ്രിവാൾ പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, എഎപി രാജ്യസഭാംഗങ്ങളായ സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ, ഡൽഹി മന്ത്രി അതിഷി എന്നിവരും കെജ്രിവാളിനൊപ്പം ഉണ്ടായിരുന്നു. 

'2015ൽ ഞങ്ങളുടെ എല്ലാ അധികാരങ്ങളും എടുത്തുകളഞ്ഞു, എട്ട് വർഷത്തോളം ഞങ്ങൾ സുപ്രീം കോടതിയിൽ പോരാടി. ഉദ്ധവ് താക്കറെ ഞങ്ങളെ കുടുംബാംഗങ്ങളാക്കി. ഞങ്ങൾ ബന്ധം പുലർത്തുന്നതിൽ വിശ്വസിക്കുന്നു, ഇത് ആജീവനാന്ത ബന്ധമായിരിക്കും. ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു,' കൂടിക്കാഴ്ചയ്ക്ക് ശേഷം കെജ്രിവാൾ പറഞ്ഞു.

ഡൽഹിയിലെ ബ്യൂറോക്രാറ്റുകളുടെ മേലുള്ള അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നിയന്ത്രണം ഓർഡിനൻസിലൂടെ കേന്ദ്രം എടുത്തുകളഞ്ഞിരുന്നു. ബ്യൂറോക്രാറ്റുകളുടെ സ്ഥലംമാറ്റത്തിനും നിയമനത്തിനും ഡൽഹി സർക്കാരിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞതിന് പിന്നാലെയാണ് നടപടി. ജീവനക്കാരുടെ നിയമനത്തിലും സ്ഥലംമാറ്റത്തിലും കേന്ദ്രസർക്കാർ പ്രതിനിധിയായ ലഫ്റ്റനൻറ് ഗവർണർക്ക് പരമാധികാരം നൽകുന്ന പ്രത്യേക ഓർഡിനൻസ് കഴിഞ്ഞ ദിവസം കേന്ദ്രം കൊണ്ടുവന്നിരുന്നു.

'അവരുടെ നേതാക്കൾ ജഡ്ജിമാരെ ദുരുപയോഗം ചെയ്യുന്നു. അവരുടെ ആളുകൾ സുപ്രീം കോടതി ജഡ്ജിമാർക്കെതിരെ പ്രചാരണം നടത്തുന്നുതായി ഈ ഓർഡിനൻസ് വ്യക്തമാക്കുന്നു, സുപ്രീം കോടതി എന്ത് തീരുമാനമെടുത്താലും അവർ അംഗീകരിക്കില്ല,' ബിജെപിയെ കുറ്റപ്പെടുത്തി കെജ്രിവാൾ പറഞ്ഞു. ശിവസേനയിലെ പിളർപ്പും മഹാരാഷ്ട്രയിൽ ഉദ്ധവിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പതനവും ഉദാഹരണമായി എടുത്ത്, സർക്കാരിനെ താഴെയിറക്കാൻ ബിജെപി പണശക്തിയും കേന്ദ്ര ഏജൻസികളും ഉപയോഗിച്ചെന്ന് കെജ്രിവാൾ പറഞ്ഞു.

ഡൽഹിയിലും ഓപ്പറേഷൻ ലോട്ടസ് നടത്തിയെങ്കിലും അവർ പരാജയപ്പെട്ടുവെന്ന് കെജ്രിവാൾ പറഞ്ഞു. 'ഞങ്ങളെ പിന്തുണച്ചതിനും ഡൽഹിയിലെ ജനങ്ങളെ സഹായിച്ചതിനും ഞാൻ ശിവസേനയ്ക്ക് (യുബിടി) നന്ദി പറയുന്നു. ഇത് ഡൽഹിക്ക് വേണ്ടി മാത്രമല്ല, രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. നാമെല്ലാവരും ഒരുമിച്ച് പോരാടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this story